അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. നാല് പരാതികളാണ് ലഭിച്ചത്. അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണൻ കുട്ടി മേനോൻ, പി.ഗൗരി, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. തിരൂർ കൂട്ടായിയിൽ ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തുന്നു എന്ന പരാതി കളക്ടറേറ്റിലെ ബി സെക്ഷനിലേക്ക് കൈമാറി. വനം, വന്യ ജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമന ഉത്തരവ് ലഭിച്ചില്ല എന്ന പരാതി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അയച്ചു റിപ്പോർട്ട് തേടി. മലപ്പുറം സിവിൽ സ്റ്റേഷനിൽ ആവശ്യത്തിന് ചവറ്റ് കുട്ടകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതി ശുചിത്വ മിഷന് കൈമാറി. വളാഞ്ചേരി പോലിസ് സ്റ്റേഷൻ പരിധിയിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുണ്ടായ അടിപിടിയെ സംബന്ധിച്ച പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.