പാലക്കാട് ധോണി മേഖലയില്‍ ഭീതി പരത്തുന്ന പി.ടി 7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള സംഘം ജില്ലയിലെത്തി. വയനാട്ടില്‍ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ ഉള്‍പ്പെട്ട 26 അംഗ എലിഫന്റ് സ്‌ക്വാഡാണ് ജില്ലയിലെത്തിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

ആനയെ പിടികൂടിയശേഷം ധോണി ആന ക്യാമ്പില്‍ കൂടൊരുക്കി നിര്‍ത്തുന്നതിന് പ്രത്യേക കൂടിന്റെ നിര്‍മ്മാണം ആരംഭിച്ചതായും നാലോ അഞ്ചോ ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. സംഘത്തിന്റെ നേതൃത്വത്തില്‍ കാട്ടാനയെ കണ്ടെത്തുന്നതിന് തിരച്ചില്‍ ആരംഭിച്ചതായും ഡി.എഫ്.ഒ അറിയിച്ചു. സ്‌ക്വാഡിനൊപ്പം ചീഫ് വെറ്റിനറി ഓഫീസര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമുണ്ട്.