*’വിവ‘ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം

അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിർദേശം നൽകി. അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം നടത്തിയാണ് വിളർച്ച പ്രതിരോധത്തിന്, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് – വിവ കേരളം കാമ്പയിന് ആരോഗ്യ വകുപ്പ് അന്തിമ രൂപം നൽകിയത്. 15 മുതൽ 59 വയസുവരെയുള്ള വനിതകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വിവിധ ജില്ലകളിലായി ജില്ലാതല പരിശീലനം നടത്തിവരുന്നു. അനീമിയ രോഗ നിർണയത്തിനുള്ള 12 ലക്ഷം കിറ്റുകൾ ലഭ്യമാണ്. ഇതിന് പുറമേ കൂടുതൽ കിറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള അനിമീയ കാമ്പയിനും നടത്തും. ഹെൽത്ത് ഫീൽഡ് വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർ ഏകോപിപ്പിച്ച് കാമ്പയിനിൽ പങ്കെടുക്കണം. ആരോഗ്യ സംരക്ഷണത്തിൽ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ഇതിനുപുറമേ അവബോധത്തിനായുള്ള മാസ് കാമ്പയിൻ ആരോഗ്യ വകുപ്പ് ആരംഭിക്കുന്നതാണ്. വനിത ശിശുവികസന വകുപ്പ്, ആയുഷ് വകുപ്പ്, മറ്റ് വിഭാഗങ്ങൾ എന്നിവയുടെ പിന്തുണയുമുണ്ടാകും. ലാബിൽ പരിശോധന നടത്തി അനീമിയ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുക, അനീമിയ കണ്ടെത്തുന്നവരെ ചികിത്സിയ്ക്കുക, അനീമിയ ഉണ്ടാകാതിരിക്കാനായി ആഹാര ക്രമീകരണത്തിലുള്ള മാറ്റം, സമ്പുഷ്ട ആഹാരം കഴിക്കുക തുടങ്ങിയവയാണ് അവബോധത്തിൽ പ്രധാനം. മാധ്യമങ്ങൾ, സാമൂഹിക മാധ്യങ്ങൾ തുടങ്ങിയവയിലൂടെ വലിയൊരു കാമ്പയിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

വനിത ശിശുവികസന വകുപ്പ് സെക്രട്ടറി, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആയുഷ് വകുപ്പ് ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.