റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ താലൂക്കിലെ അഞ്ച് റേഷന്‍ കടകളില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പരിശോധന നടത്തി. തൃശൂര്‍ താലൂക്കിലെ ചെമ്പുക്കാവ്, പറവട്ടാനി, നെട്ടിശ്ശേരി, മണ്ണുത്തി ബൈപ്പാസ്, മണ്ണുത്തി മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. കടകളിലെ സ്‌റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിംഗ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ജില്ലാ കലക്ടര്‍ പരിശോധിച്ചു.

നെട്ടിശ്ശേരിയിലെ റേഷൻകടയില്‍ ഇ പോസ് മെഷീനില്‍ നിന്നെടുത്ത ഫെയര്‍ സ്റ്റോക്ക് റെസീപ്റ്റുമായി ഒത്തുനോക്കിയപ്പോള്‍ പച്ചരി 150 കിലോ കുറവും പുഴുങ്ങലരി 114 കിലോ കൂടുതലും സ്‌റ്റോക്ക് ഉള്ളതായി കണ്ടെത്തി. സ്‌റ്റോക്കിലെ ഈ പൊരുത്തക്കേടുമായി ബന്ധപ്പെട്ട് കടയുടമയ്ക്ക് നോട്ടീസ് നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. റേഷന്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളില്‍ നിന്നും കടകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ജില്ലാ കലക്ടര്‍ അഭിപ്രായം ആരാഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു പോള്‍ തട്ടില്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ലിനി തുടങ്ങിയവരും പരിശോധനാ വേളയില്‍ ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.