ആട്ടവും പാട്ടുമായി കലോത്സവ വേദികളിൽ കൗമാര മാമാങ്കം തകർക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തെ ജനകീയ ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ. കലോത്സവത്തിന്റെ എല്ലാവേദികളും വൻ ജനപങ്കാളിത്തമാണുള്ളത്. വേദികളിലെല്ലാം ഇരിക്കാൻ സ്ഥലമില്ലാത്ത വിധം കാണികൾ നിറഞ്ഞു.

കലാപ്രതിഭകൾ വേദിയിൽ സർഗ്ഗവസന്തം സൃഷ്ടിക്കുമ്പോൾ കോഴിക്കോട്ടെയും മറ്റ് ജില്ലകളിലെയും ജനങ്ങൾ വേദിയിലേക്ക് പ്രവഹിക്കുകയാണ്. കലോത്സവം പ്രമാണിച്ച് കോർപറേഷന് പരിധിയിലെ സ്‌കൂളുകൾ അവധിയായതും കാണികളുടെ പങ്കാളിത്തം കൂടാൻ ഇടയാക്കി.

ഒന്നാം വേദിയിൽ ഹയർസെക്കന്ററി വിഭാഗം മാർഗംകളി അരങ്ങേറിയപ്പോൾ ഗ്രൗണ്ടിൽ നിൽക്കാനിടമില്ലാത്തവിധം കാണികളായിരുന്നു. ചട്ടയും മുണ്ടും ലോലാക്കുമിട്ട പെൺകുട്ടികളുടെ പ്രകടനം ആരെയും പിടിച്ചുനിർത്തുന്നതായിരുന്നു. ഒപ്പന മത്സരം നടന്ന തളിയിലെ രണ്ടാം വേദിയിലും ‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ’ വരുന്ന തിരുവാതിരക്കളിയുടെ മൂന്നാം വേദി സാമൂതിരി സ്കൂളിലും നിറഞ്ഞ സദസായിരുന്നു.

കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തെ ഒരേ മനസ്സോടെയാണ് പൊതുജനങ്ങളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഏറ്റെടുത്തിരിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും, പൊതു പ്രവർത്തകരും, കലാസ്വാദകരും സർക്കാരും ഒക്കെ ചേർന്ന് കോഴിക്കോട്ടെ യുവജനോത്സവത്തെ ചരിത്രമാക്കുകയാണ്.