ദേശീയ സമ്മതിദായക ദിനത്തിനോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടത്തിയ ക്വിസ് മത്സരം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു.
ജില്ലാതല ക്വിസ് മത്സരത്തില്‍ മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ബി.എഡ് കോളേജിലെ എ.എസ് അഭിറാം ശങ്കര്‍, വി. ആദര്‍ശ് എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും ബത്തേരി സെന്റ് മേരീസ് കോളേജിലെ പി.എസ്. ഷാഹിദ്, മുഹമ്മദ് റഹീസ് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ബത്തേരി അല്‍ഫോണ്‍സാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അമയ റോസ് ബേബി, ആഞ്ചലീന മെറ്റല്‍ഡ ജോസഫ് എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തില്‍ 20 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ജനുവരി 25 ന് നടക്കുന്ന ദേശീയ സമ്മതിദായക ദിനത്തില്‍ നല്‍കും.
ചടങ്ങില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിലെ വോട്ടര്‍ പട്ടിക ബി.എല്‍.ഒമാര്‍ക്ക് കൈമാറി. അന്തിമ വോട്ടര്‍പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും. ceo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം. ഇലക്ഷന്‍ ഐഡി കാര്‍ഡ് ഉള്ളതുകൊണ്ട് വോട്ടര്‍പട്ടികയില്‍ ഇടം നേടണമെന്നില്ല. വോട്ടര്‍പട്ടിക പരിശോധിച്ചു വോട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ തീയതികളില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് തുടര്‍ പുതുക്കല്‍ 2023 ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍, ഡബ്ല്യു.എം.ഒ പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഫരീദ്, വൈത്തിരി തഹസില്‍ദാര്‍ എം.കെ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.