*തിരുവാഭരണ ഘോഷയാത്രയെ മെഡിക്കല്‍ ടീം അനുഗമിക്കും.
മകരവിളക്ക് മഹോല്‍സവത്തിന്റെ തിരക്ക് മുന്‍കൂട്ടി കണ്ട് തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി വലിയ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 ന് പ്രാഥമികാരോഗ്യ കേന്ദ്രമായ കുളനടയില്‍ വൈകീട്ട് 6 വരെ അടിയന്തിര ചികിത്സാ സംവിധാനമൊരുക്കും.ചെറുകോല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കാഞ്ഞിറ്റുകര, റാന്നി, പെരുനാട് ആശുപത്രികളില്‍ 24 മണിക്കൂറും വടശേരിക്കരയില്‍ രാത്രി 8 വരെയും പ്രത്യേക ചികിത്സാ സംവിധാനമേര്‍പ്പെടുത്തും.
തിരുവാഭരണ ഘോഷയാത്രയെ സുസജ്ജമായ മെഡിക്കല്‍ ടീമും ആംബുലന്‍സും അനുഗമിക്കും. തീര്‍ത്ഥാടക തിരക്കനുഭവപ്പെടുന്ന ളാഹയില്‍ ജനുവരി 13നും വലിയാനവട്ടത്ത് 14 നും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ആംബുലന്‍സും സജ്ജമാക്കും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 4 പേരടങ്ങിയതാണ് ഒരു യൂണിറ്റ്. മകരവിളക്ക് ദിവസം പമ്പയിലും നിലയ്ക്കലുമായി ഒരുക്കിയ 13 ദര്‍ശന കേന്ദ്രങ്ങളിലും പ്രത്യേകം മെഡിക്കല്‍ യൂണിറ്റുകളും ആംബുലന്‍സുകളും സജ്ജീകരിക്കും.
സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യു ഉള്‍പ്പെടെ 30 കിടക്കകള്‍ സജ്ജമാണ്.
അടിയന്തിര ഘട്ടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബംഗ്ലാവ്, സഹാസ് ആശുപത്രി, അയ്യപ്പസേവാസംഘം ഫസ്റ്റ് എയ്ഡ് സെന്റര്‍ എന്നിവ ഉപയോഗപ്പെടുത്തും. ബംഗ്ലാവില്‍ 25 ഉം, സഹാസില്‍ 20 ഉം ഫസ്റ്റ് എയ്ഡ് സെന്ററില്‍ 20 ഉം കിടക്കകള്‍ സജ്ജീകരിക്കും. ആവശ്യമെങ്കില്‍ അഡീഷണല്‍ സ്റ്റാഫിനേയും നിയോഗിക്കും. നിലവില്‍ രണ്ട് ഫിസിഷ്യന്‍, ഒരു പള്‍മണോളജിസ്റ്റ്, ഒരു കാര്‍ ഡിയോളജിസ്റ്റ്, ഒരു സര്‍ജന്‍, ഒരു അനസ്‌ത്യേഷിസ്റ്റ്, ഒരു പീഡിയാട്രീഷ്യന്‍, ഒരു ഓര്‍ത്തോപീഡിസ്റ്റ്, രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, രണ്ട് ചാര്‍ജ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 12 ഡോക്ടര്‍മാരാണ് ആരോഗ്യവകുപ്പിന് കീഴിലുള്ളത്.ഇതിന് പുറമെയാണ് സഹാസിലും ഫസ്റ്റ് എയിഡ് സെന്ററിലുമുള്ള ഡോക്ടര്‍മാര്‍.
അത്യാഹിത മുണ്ടായാല്‍ പരമാവധി രോഗികളെ സന്നിധാനത്ത് തന്നെ ശുശ്രൂഷിച്ച് ആരോഗ്യനില സന്തുലിതമാക്കിയ ശേഷം താഴേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് നോഡല്‍ ഓഫീസര്‍ ഡോ .ഇ പ്രശോഭ് പറഞ്ഞു. ഒരേ സമയം 80 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുംവിധമാണ് സന്നിധാനത്തെ മൊത്തം സജ്ജീകരണങ്ങള്‍. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ സുസജ്ജമാണ്. ജീവന്‍ രക്ഷാമരുന്നുകളും സംഭരിച്ച് കഴിഞ്ഞു. വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്.സന്നിധാനത്ത് 3, നീലിമല 2, അപ്പാച്ചിമേട് 2, പമ്പ 3, നിലയ്ക്കല്‍ 2 എന്നിങ്ങനെയാണ് വെന്റിലേറ്ററുകൾ ഒരുക്കിയിട്ടുള്ളത്, ഇതിന് പുറമെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സുസജ്ജമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രിക്ക് പുറമെയുള്ള സേവനങ്ങള്‍ക്ക് ഇ എം സി സ്റ്റാഫുകളെ ഉപയോഗിക്കും. ഇങ്ങനെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ മാത്രമായി ലഭ്യമാക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.