ലഹരിക്കെതിരെ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളുമായി റാന്നി മണ്ഡലത്തില്‍ ആരംഭിക്കുന്ന റെയിന്‍ പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി സെന്റ് തോമസ് കോളജില്‍ ചേര്‍ന്ന റാന്നി ഇനിഷ്യേറ്റീവ് എഗൈനിസ്റ്റ് നാര്‍ക്കോട്ടിക്സ് (റെയിന്‍) പദ്ധതിയുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഈ കാലത്ത് ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിയുടെ ഉപയോഗം പുതിയ തലമുറയെ അപകടകരമായി ബാധിക്കുന്നത് കണക്കിലെടുത്ത് റെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത് വിദ്യാലയങ്ങളിലാണ്. റാന്നിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,  കോളജ്, പോളീ ടെക്നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ആര്‍മി എസ്പി സി മാതൃകയില്‍ ഇതിനോടകം തന്നെ രൂപീകരിച്ചു.

റാന്നി മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ അവബോധ പ്രവര്‍ത്തനം നല്‍കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്സ് ടീമിനെ രൂപീകരിച്ച് ഈ മാസം 16ന് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.

വിദ്യാലയങ്ങളിലെ പ്രവര്‍ത്തനം ആദ്യഘട്ടം പൂര്‍ത്തീകരിച്ചശേഷം ലഹരി വിരുദ്ധ ആര്‍മി അംഗങ്ങളുടെ സംഗമവും റാന്നിയില്‍ നടത്തും. ലഹരി ഉപയോഗങ്ങളുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള സ്ഥിരം ക്ലാസുകള്‍ക്കുപരിയായി നവ-ദൃശ്യ മാധ്യമങ്ങളിലൂടെ  ലഹരി വിരുദ്ധ സന്ദേശം വിദ്യാര്‍ഥികളിലേക്കെത്തിക്കും. രണ്ടാംഘട്ടമായി കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കും. അതിനുശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതികളും രൂപീകരിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കു ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും.

കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുടെ മേല്‍ അവരെ സഹായിക്കുവാനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി സ്റ്റുഡന്‍സ് സെന്റര്‍ റാന്നിയില്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍  സമഗ്രമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജ്വാല, നോളജ് വില്ലേജ് പോലെയുള്ള പദ്ധതി ഇതിനോടകം മണ്ഡലത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതിനൊപ്പമാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള എംഎല്‍എയുടെ ഇടപെടല്‍.
റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍  പി.ആര്‍. പ്രസാദ്, റാന്നി ഡിവൈഎസ്പി സന്തോഷ് കുമാര്‍, വിമുക്തി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, റാന്നി

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.എസ്. ബിനു, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. റെജി, റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, എസ് സി ഡെവലപ്പ്മെന്റ് ഓഫീസ് പ്രമോട്ടര്‍, ദിശ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷിജു എം. സാംസണ്‍, അശോക് കുമാര്‍, ബിനു ജെ. വര്‍ഗീസ്,   ഫാ.ലിജിന്‍ തോമസ്,  ഫാ. അഖില്‍ പി. ജോസഫ്, ഫാ. സാം. പി.ജോര്‍ജ്, ഫാ. വര്‍ഗീസ് ഫിലിപ്പ്, വി.പി. ലക്ഷ്മി പ്രകാശ്, വര്‍ഷാ,  ബിന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.