സംസ്ഥാനത്തെ ഗതാഗതം സുഗമമാക്കുന്നതിനായി ചേര്‍ത്തല മുതല്‍ വാളയാര്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ലൈന്‍ ട്രാഫികിന്റെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം അവലോകന യോഗം ചേര്‍ന്നു. വാളയാര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയപാതയില്‍ ലൈന്‍ ട്രാഫിക് നടപ്പാക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. എല്ലാ ഡ്രൈവര്‍മാരും ലൈന്‍ ട്രാഫിക് സിസ്റ്റം പാലിച്ച് വാഹനം ഓടിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ലെയിന്‍ ട്രാഫിക് നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍വഹിച്ചു. അഞ്ച് ഭാഷകളില്‍ തയ്യാറാക്കിയ ലൈന്‍ ട്രാഫിക് നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തു. പരിപാടിയില്‍ മധ്യമേഖല-1 ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി ജയിംസ് അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി മോഹന്‍, പാലക്കാട് ആര്‍.ടി.ഒ ടി.എം ജേഴ്‌സന്‍, ജോയിന്റ് ആര്‍.ടി.ഒ വി. സന്തോഷ് കുമാര്‍, തൃശൂര്‍ ആര്‍.ടി.ഒ കെ.കെ സുരേഷ് കുമാര്‍, തൃശ്ശൂര്‍ ജോയിന്റ് ആര്‍.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ, എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥര്‍, കെ.ടി.ഡി.ഒ ഭാരവാഹികള്‍, ഡ്രൈവര്‍മാര്‍, ടോള്‍ പ്ലാസ, എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.