തെറ്റായ സിബിൽ സ്‌കോറിന്റെ പേരിൽ ലോൺ നിഷേധിക്കപ്പെട്ട അപേക്ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. സിബിൽ കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. തൃക്കലങ്ങോട് സ്വദേശി വിജീഷ് നൽകിയ പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും, സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. കുടുംബ സ്വത്തിന്റെ മതിയായ രേഖകളുമായി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ച പരാതിക്കാരന് സിബിൽ സ്‌കോർ ഇല്ലാതെ പോയതിനാൽ ഒരു സ്ഥാപനവും വായ്പ നൽകാൻ തയ്യാറായില്ല. തനിക്ക് എവിടേയും കടബാധ്യതകളില്ലെന്നും എടുത്ത വായ്പകളെല്ലാം തിരിച്ചടച്ചുവെന്നും പരാതിക്കാരൻ ബോധിപ്പിച്ചെങ്കിലും സിബിൽ സ്‌കോർ പ്രകാരം 3,00,000 രൂപ കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വായ്പ നിഷേധിച്ചത്.

വായ്പ നിഷേധിച്ച ബാങ്കിലും, സിബിൽ കമ്പനിയിലും പരാതിപ്പെട്ടെങ്കിലും പരിഹാരമാകാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്നായിരുന്നു പരാതിക്കാരൻ ബോധിപ്പിച്ചത്. എന്നാൽ പരാതിക്കാരനെ സംബന്ധിച്ച ശരിയായ വിവരമാണ് ബാങ്ക് സിബിൽ കമ്പനിയെ ധരിപ്പിച്ചതെന്നും ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയില്ലെന്നുമാണ് ബാങ്ക് വാദിച്ചത്.

ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായ തയ്യാറാക്കപ്പെടുന്നതാണ് സിബിൽ സ്‌കോർ എന്നും വീഴ്ച വന്നിട്ടില്ലെന്നും, പരാതി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മുമ്പാകെ നിലനിൽക്കില്ലെന്നും, തെറ്റ് കണ്ടെത്തിയ ഉടൻ തന്നെ തിരുത്തിയിട്ടുണ്ടെന്നും സിബിൽ കമ്പനി ബോധിപ്പിച്ചു. പരാതിക്കാരന്റെ അതേ പേരും ജനന തിയ്യതിയുമുള്ള ഒരാളുടെ വായ്പാ കുടിശ്ശികയിലെ ആറെണ്ണം പരാതിക്കാരന്റെ സിബിൽ സ്‌കോറിൽ ചേരാൻ ഇട വന്നത് കമ്പനിയുടെ വീഴ്ചയായി കാണാനാകില്ലെന്നും വാദിച്ചു. എന്നാൽ കമ്പനിയുടെ ഭാഗത്തു നിന്നും തെറ്റായ സ്‌കോർ നൽകിയതിൽ വീഴ്ചയുണ്ടായെന്നും പരാതിക്കാരന് നഷ്ട പരിഹാരത്തിന് അർഹതയുണ്ടെന്നും പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് അധികാരമുണ്ടെന്നും കണ്ടെത്തിയാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി. പരാതിക്കാരന് 10,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം ഹരജി തിയ്യതി മുതൽ വിധി സംഖ്യയുടെ ഒമ്പത് ശതമാനം പലിശയും നൽകണമെന്നും വിധിയിൽ പറയുന്നു.