മൂന്ന് നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 615984 വോട്ടര്‍മാരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചത്. ആകെ വോട്ടര്‍മാരില്‍ 313094 സ്ത്രീകളും 302889 പുരുഷന്മാരും ഒരു ട്രാന്‍സ് ജെന്‍ഡറുമാണ് ഉളളത്. 2023 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 9 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 616980 പേരാണ് ഉണ്ടായിരുന്നത്.

ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ളത് സുല്‍ത്താന്‍ ബത്തേരി നിയമസഭാമണ്ഡലത്തിലാണ്. സുല്‍ത്താന്‍ ബത്തേരി – 217389 (സ്ത്രീകള്‍ – 110801, പുരുഷന്‍മാര്‍ 106588), കല്‍പ്പറ്റ – 201476 (സ്ത്രീകള്‍ – 102909 പുരുഷന്‍മാര്‍ 98566, ട്രാന്‍സ്‌ജെന്‍ഡര്‍ 1) മാനന്തവാടി – 197119 ( സ്ത്രീകള്‍ – 99384, പുരുഷന്‍മാര്‍ 97735 ) എന്നിങ്ങനെയാണ് നിയോജകമണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്.

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രക്രിയക്കായി മരണപ്പെട്ടതും താമസം മാറിയതുമായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയും 18 വയസ് പൂര്‍ത്തിയായ അര്‍ഹതയുള്ള വോട്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുട്ടുള്ളത്.

വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് സൂക്ഷ്മ പരിശോധനയ്ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും(www.ceo.kerala.gov.in) ലഭിക്കും.