കോളനികളില്‍ പരമാവധി വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം രണ്ടാം വാര്‍ഡിലെ ചിത്തിര കോളനിയിലെ ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും  ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

അടൂര്‍ നിയമസഭ  മണ്ഡലത്തില്‍ ഇതിനകം അനുവദിച്ച സമ്പൂര്‍ണ കോളനി പദ്ധതികളായ ഏറത്ത്-മുരുകന്‍കുന്ന് കോളനി, ഏഴംകുളം-കുലശേരി കോളനി, തുമ്പമണ്‍- മുട്ടം കോളനി, പള്ളിക്കല്‍ മേലൂട് കോളനി, പന്തളം തെക്കേക്കര – പടുകോട്ടുക്കല്‍ അംബേദ്കര്‍ കോളനി അടക്കമുള്ളവയുടെ വികസനം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുള്ളതാണ്. പന്തളം വല്യയ്യത്ത് കോളനിയിലും ഇതേ രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഉടന്‍ തുടക്കം കുറിക്കും.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. മഞ്ജു, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജയന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു, നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എസ്. ഷീജ, ജില്ലാതല പട്ടികജാതി ഉപദേശക സമിതി അംഗം എന്‍. രാമകൃഷ്ണന്‍, ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍. സലിം, ഏഴംകുളം നൗഷാദ്, കെ. പ്രസന്നകുമാര്‍, ആര്‍. രാജേന്ദ്രക്കുറുപ്പ്, ആര്‍. കമലാസനന്‍, ഇ.എ. ലത്തീഫ്, സതീശന്‍ നായര്‍, കെ. ശ്രീധരന്‍, പി. എസ്. രാമചന്ദ്രന്‍, രജിത ജയ്സണ്‍, പി.ജി. റാണി  തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.