ജില്ല ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി. ആര്യാട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടെലി വെറ്റിനറി യൂണിറ്റുകള്‍ക്കായി ജില്ലകള്‍ക്ക് പണം അനുവദിച്ചതായും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി എല്ലാ സഹായവും ചെയ്യുന്ന സര്‍ക്കാരാണ് നിലവിലുള്ളത്. ക്ഷീര – മാംസ ഉല്പാദന മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് നാലു രൂപ ഇന്‍സെന്‍ന്റീവ് കൊടുക്കുന്നതിനുവേണ്ടി 28 കോടി രൂപ സര്‍ക്കാര്‍ മാറ്റിവെച്ചു. ഇത്തരത്തില്‍ രണ്ട് ലക്ഷം രൂപ വരെ ലഭിച്ച ക്ഷീരകര്‍ഷകരുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ എല്ലാ മാസവും കൃത്യമായി ഇന്‍സെന്റീവ് ലഭ്യമാക്കുന്നതിനുള്ള നടപടി എടുക്കും. മില്‍മയുടെ ശുപാര്‍ശയില്‍ കുറവ് വരുത്തിക്കൊണ്ട് പാലിന് ആറ് രൂപ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ 5.3 രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് നടപ്പാക്കിയത്. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്സിഡിയോടെ പശുക്കളെ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി അറിയിച്ചു. പുല്ല് കൂടുതലായി ഉല്‍പ്പാദിപ്പിക്കണം, 40 ശതമാനം മാത്രമാണ് തീറ്റയായി നല്‍കേണ്ടത്. ചോളം കൃഷി വ്യാപിപ്പിച്ചുകൊണ്ട് കന്നുകാലികള്‍ക്കുള്ള സൈലേജ് തീറ്റ വിതരണം ചെയ്യുന്നതിനുള്ള നടപടികളും സംസ്ഥാനത്ത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇത് കന്നുകള്‍ക്ക് കൂടുതല്‍ ആരോഗ്യം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ഉരുക്കള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് നടപടിയെടുത്തുവരികയാണെന്നും ചര്‍മ്മമുഴക്ക് എതിരെയുള്ള വാക്സിന്‍ നല്‍കല്‍ 21 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസവിക്കുന്ന ഉരുക്കള്‍ പശുക്കള്‍ തന്നെയെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക ബീജ വിതരണം കര്‍ഷകരുടെ താല്‍പര്യത്തിനനുസരിച്ച് ആവിഷ്കരിച്ചതായും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. ബിജുമോന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഭരണസമിതി അംഗം ബി. അന്‍സാരി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വീണ, ക്ഷീര കര്‍ഷക അവാര്‍ഡ് ജേതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ക്ഷീരസംഗമവേദിയില്‍ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു. ജില്ലയിലെ മുതിര്‍ന്ന ക്ഷീരകര്‍ഷക പുരസ്‌കാരം കലവൂര്‍ കിഴക്കേചിറയില്‍ സരസ്വതിയമ്മ ഏറ്റുവാങ്ങി. മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം കണ്ണനാകുഴി ക്ഷീരസംഘം പ്രസിഡന്റ് എം.എസ്. ശിഹാബുദ്ദീന്‍ നേടി. മികച്ച വനിതാ കര്‍ഷക-വത്സല വള്ളികുന്നം, മികച്ച സംവരണ വിഭാഗം ക്ഷീരകര്‍ഷകന്‍- ബാബു മണ്ണഞ്ചേരു വെസ്റ്റ്, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച പാരമ്പരാഗത സംഘം- മാവേലിക്കര മില്‍ക്ക് സപ്‌ളൈസ് സഹകരണ സംഘം, ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച അപ്‌കോസ് സംഘം- വള്ളികുന്നം ക്ഷീരസംഘം അപ്‌കോസ്, മികച്ച യുവക്ഷീരകര്‍ഷന്‍- സുരേഷ് കുമാര്‍ പയ്യനല്ലൂര്‍.