റിപ്പബ്ലിക് ദിന പരേഡിനായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. ജനുവരി 26 ന് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും
ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കളക്ടർ നിർദേശിച്ചു.

ജനുവരി 21 , 23 തിയതികളിൽ വൈകിട്ട് മൂന്നു മുതൽ 5.30 വരെയും 24 ന് രാവിലെ 7.30 നും റിഹേഴ്സലുകൾ നടക്കും. റിഹേഴ്സലിനു മുൻപായി ഗ്രൗണ്ടിലെ ശുചീകരണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി. ആയിരം പേർക്ക് ഇരിക്കാവുന്ന പന്തൽ സൗകര്യം ഏർപ്പെടുത്തും. ആവശ്യമായ സുരക്ഷാ സൗകര്യങ്ങളും ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സംഘവും ആംബുലൻസ് സേവനവും ഉറപ്പു വരുത്തി. എൻ.സി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ് , സ്റ്റുഡന്റ്സ് കേഡറ്റ് എന്നിവർ പരേഡിൽ അണിനിരക്കും.

യോഗത്തിൽ വിവിധ വകുപ്പുകൾക്കായി ഏർപ്പെടുത്തിയ ചുമതലകൾ വിലയിരുത്തി. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദുമോൾ ,ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ, കമാൻഡന്റ് (ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് കൊച്ചി സിറ്റി) കെ.സുരേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.