കോട്ടയം: പുതിയതായി നിർമിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ജനുവരി ഒൻപതിന് വൈകിട്ടു നാലു മണിക്കു നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാവും.

ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, എ.ഡി.എം. ജിനു പുന്നൂസ്, സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിൽ, പഞ്ചായത്തംഗം സി.വി. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ
ചടങ്ങിൽ പങ്കെടുക്കും.

എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം പണിതത്. 1100 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. മൂന്ന് മുറികളും ഒരു ഹാളും രണ്ട് ശുചി മുറികളും അടങ്ങുന്നതാണ് പുതിയ ഒരു നില കെട്ടിടം. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല.