രണ്ടരപതിറ്റാണ്ടിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഒടുവില്‍ അമ്പത്തിരണ്ടാം വയസില്‍ വീണ്ടും ചിലങ്കയണിയുക. അടുത്തൂണ്‍ പറ്റിയശേഷം ഏഴുവര്‍ഷം കൊണ്ട് നൃത്തവേദിയില്‍ സജീവസാന്നിധ്യമാവുക, തന്റെ രണ്ടാംവരവിലെ നൂറാംവേദി സന്നിധാനത്ത് അയ്യപ്പന്റെ തിരുസന്നിധിയിലാവുക, ഗായത്രി വിജയലക്ഷ്മിയുടെ ജീവിതത്തില്‍ യാദൃശ്ചികതകള്‍ക്കും ആകസ്മികതകള്‍ക്കും വലിയ ഇടമുണ്ട്.
മകരവിളക്കിന് മുന്നോടിയായി അയ്യനെ കാണാനെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മുന്നില്‍ ഭരതനാട്യമാടിയതിന്റെ ആഹ്ലാദത്തിലാണ് അറുപതുകാരിയായ ഗായത്രി വിജയലക്ഷ്മി. നൃത്തം ജീവന്റെ ഭാഗമായി കൊണ്ടുനടന്നിരുന്ന കാലത്ത് 26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചതാണവര്‍.
ടി.കെ.എം. എഞ്ചിനീയറിങ് കോളജിലെ അധ്യാപന ജീവിതത്തിരക്കുകളില്‍ അവര്‍ നൃത്തത്തെ മനസിന്റെ കോണിലൊതുക്കി. ഉമിത്തീപോലെ പദവും ജതിയും മുദ്രയും നീറിക്കിടന്ന 26 വര്‍ഷങ്ങള്‍. ഒടുവില്‍ അടുത്തൂണ്‍ പറ്റുന്നതിന് മുമ്പ് മിഥിലാലായ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി. മൈഥിലിയുടെ ശിക്ഷണത്തില്‍ പ്രഫ: ഗായത്രി വിജയലക്ഷ്മി വീണ്ടും ചിലങ്കകെട്ടി. ആ യാത്രയാണ് ശനിയാഴ്ച അയ്യപ്പസന്നിധിയിലെത്തിച്ചത്.
പാപനാശം ശിവന്‍ രചിച്ച മഹാഗണപതിം എന്ന ഗണപതി സ്തുതിയോടെയാണ് ഗായത്രി നൃത്തമാരംഭിച്ചത്. തുടര്‍ന്ന് ശിവഭഗവാന്റെ സ്വഭാവത്തേയും സൗന്ദര്യത്തേയും തോഴിയോട് പ്രകീര്‍ത്തിക്കുന്ന ശിവസ്തുതി അവതരിപ്പിച്ചു. തുടര്‍ന്ന് മുരുകസ്തുതിയും ദേവീസ്തുതിയും ശ്രീപത്മനാഭ സ്തുതിയും അവസാനമായി അയ്യപ്പസ്തുതിയും ഗായത്രി വിജയലക്ഷ്മി നിറഞ്ഞസദസിന് മുന്നില്‍ അവതരിപ്പിച്ചു.