ഭാരത് ദര്‍ശന്റെ ഭാഗമായി ജില്ലയിലെത്തിയ ഐ.എ.എസ് പരിശീലന സംഘം കളക്ടറേറ്റ് സന്ദര്‍ശിച്ചു. 18 അംഗ സംഘം ജില്ലാ കളക്ടര്‍ ഡോ. രേണു രാജുമായി ആശയവിനിമയം നടത്തി. പരിശീലനത്തിന്റെ ഭാഗമായുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി മികച്ച അനുഭവങ്ങള്‍ ലഭിക്കുമെന്നും അത് ഔദ്യോഗിക ജീവിതത്തില്‍ ഏറെ ഉപകാരം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ നടന്ന ആശയവിനിമയ പരിപാടിയില്‍ ജില്ലാ വികസന കാര്യ കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും പങ്കെടുത്തു. തുടര്‍ന്ന് ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെത്തിയ (ഡി.ഇ.ഒ.സി) സംഘം അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷാ ബിന്ദുമോള്‍ ഡി.ഇ.ഒ.സിയുടെ ഘടനയും പ്രവര്‍ത്തന രീതിയും വിശദീകരിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബശ്രീ ഒരുക്കിയ പ്രസന്റേഷനും വീക്ഷിച്ച ശേഷമാണ് സംഘം കളക്ടറേറ്റില്‍ നിന്നും മടങ്ങിയത്. ഭാരത് ദര്ശന് സംഘം കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച് യാത്ര നടത്തിയിരുന്നു.