നന്ദിപുലം ഗവ. യുപി സ്കൂളിൽ

രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം ഒരുങ്ങി

വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്ദിപുലം ഗവ. യുപി സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങി. 2019-20 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം.

സ്കൂളിലെ പഴക്കമുള്ള കെട്ടിടം പൊളിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത്. 10 ക്ലാസ് മുറികൾ, അറ്റാച്ച്ഡ് ബാത്ത്റൂം ഉളള ഓഫീസ് മുറികൾ, ഡൈനിങ്ങ് ഹാൾ, ഭിന്നശേഷി സൗഹൃദ ടൊയ്‌ലറ്റ്, യൂറിനൽസ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പിബ്ള്യുഡിക്കാണ് നിർമ്മാണ ചുമതല.

1910 -ൽ താഴ്ന്ന ജാതിയിൽപെട്ടവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി കുണ്ടനി കുടുംബത്തിലെ ചാത്തുണ്ണി വൈദ്യർ 65 സെന്റ് സ്ഥലം സൗജന്യമായി സർക്കാരിന് നൽകി. എന്നാൽ കെട്ടിടം നിർമ്മിച്ച് ക്ലാസ്സ് തുടങ്ങാൻ വൈകുമെന്നായപ്പോൾ തൻറെ വീട്ടിലെ ഒരു മുറിയിൽ അധ്യയനം ആരംഭിച്ചു. ആ മുറി ഇന്നും ‘സ്കൂൾ മുറി’ ആയി അറിയപ്പെടുന്നു.

1920 ൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ 19-ാം വാർഡിൽ നാട്ടുകാരുടെ സഹകരണത്തോടെ താൽക്കാലിക കെട്ടിടം പണിതു. എം എസ് നന്ദിപുലം മലയാളം സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂളിന് 1941ൽ ഉറപ്പുളള കെട്ടിടമുണ്ടാവുകയും 1966 ൽ അപ്ഗ്രേഡ് ചെയ്ത് ഗവ. യുപി സ്കൂളായി മാറുകയും ചെയ്തു. 2007-08ൽ കൊടകര ബിആർസി സഹായത്തോടെ നഴ്സറി ആരംഭിച്ചു. നിലവിൽ അധ്യാപകരും അനധ്യാപകരുമായി 13 പേരും പ്രീപ്രൈമറി മുതൽ യുപി വരെ 258 കുട്ടികളുമുണ്ട്.