ഇംഗ്ലീഷ് ഇനി വിദ്യാർത്ഥികളെ വലയ്ക്കില്ല. വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും തൃശൂർ ജില്ലാ ഇംഗ്ലീഷ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം.

ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആശാരിക്കാട് ഗവ.യു.പി സ്കൂളിൽ റവന്യൂ മന്ത്രി കെ രാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷയെ അടുത്തറിയാനാകുമെന്ന് പറഞ്ഞ മന്ത്രി കുട്ടികൾക്ക് മികവ് കാണിക്കാൻ സാധിക്കട്ടെ എന്നും ആശംസിച്ചു. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

ഒരു സബ് ജില്ലയിൽ നിന്ന് ഒരു ഗവ.യുപി സ്കൂളിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആശാരിക്കാട്, വല്ലച്ചിറ, നന്ദിപുലം, മാടായിക്കോണം, പുത്തൻചിറ, കാരുമത്ര, ചെറായി, ചേറ്റുവ ,അരിമ്പൂർ, ചൂണ്ടൽ, പെരുവല്ലൂർ, തൃക്കണായ തുടങ്ങി ജില്ലയിലെ 12 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നടത്തിപ്പിനായി ഓരോ സ്കൂളിലേക്കും ഒരു റിസോഴ്സ് അധ്യാപകനെ നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി 50 മണിക്കൂറിൻ്റെ മൊഡ്യൂൾ ആണ് സംസ്ഥാന തലത്തിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

സ്വാഭാവികമായ രീതിയിൽ ഭാഷാ ശേഷി ആർജിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഭാഷയെ അടുത്ത് അറിയാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് ക്ലാസ്. അഞ്ച് ആറ് ക്ലാസുകളിലെ 50 കൂട്ടികൾ വീതം ഉൾപ്പെടുന്ന രണ്ട് ബാച്ചുകളായാണ് ക്ലാസ് നൽകുന്നത്. ഡയറ്റ്, ഡിസ്ട്രിക്ട് സെൻ്റർ ഫോർ ഇംഗ്ലീഷ് എന്നിവർക്കാണ് നടത്തിപ്പ് ചുമതല. സംസ്ഥാനത്തെ 163 സ്കൂളുകളിലാണ് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയുടെ വിദ്യാലയ തല പ്രോജക്ടിന്റെ കരട് രൂപം “ആരാമം” ചടങ്ങിൽ മന്ത്രിക്ക് സമർപ്പിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രജിത്ത് അധ്യക്ഷത വഹിച്ചു. ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസിഇ-ട്യൂട്ടറായ വിനിജ പദ്ധതി വിശദീകരിച്ചു. എച്ച് എം നിഷ, വാർഡ് മെമ്പർ മിനി വിനോദ്, ബ്ലോക്ക് മെമ്പർ ഐശ്വര്യ ലിന്റോ , ഒല്ലൂർ കൗൺസിലറും ഡി പി സി അംഗവുമായ സി.പി.പോളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീതാലക്ഷ്മി, പിടിഎ പ്രസിഡന്റ് കെ ജെ റാഫി, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.