മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെയും കേന്ദ്രകൃത കോൾ സെന്ററുകളുടെയും പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാനത്തെ 150 ബ്ലോക്കുകളിലും രാത്രികാല പ്രവർത്തനം ഉടനടി ആരംഭിക്കുമെന്നും കർഷകരുടെ ഉന്നമനത്തിനായി ഒട്ടനവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ക്ഷീരവകുപ്പിന്റെ സുപ്രധാന പദ്ധതിയാണ് മൊബൈൽ വെറ്റിനറി യൂണിറ്റെന്നും മന്ത്രി പറഞ്ഞു.

ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന യൂണിറ്റുകൾ പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്.

24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ / മൃഗ ഉടമകൾ എന്നിവരിൽ നിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും, എല്ലാ കേസുകൾക്കും അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കൈമാറുകയും ചെയ്യും. ഒരു വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഒരു ഡ്രൈവർ കം അറ്റൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ടു മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം ലഭ്യമാവുക.

മൊബൈൽ വെറ്ററിനറി യൂണിറ്റിൽ രോഗനിർണ്ണയ ചികിത്സ, വാക്സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയകൾ, ദൃശ്യ-ശ്രവ്യ സഹായങ്ങൾ എന്നിവയ്ക്കുള്ള ഉപകരണങ്ങളുണ്ടാവും. ഒരു കർഷക പരിസരത്തെ കന്നുകാലികൾക്കും കോഴികൾക്കും ചികിത്സക്ക് 450 രൂപയും, കന്നുകാലികളുടെ കൃത്രിമ ബീജസങ്കലനത്തിന് അധികമായി 50 രൂപയും വളർത്തുമൃഗങ്ങൾക്ക് 950 രൂപയും ഒരേ പരിസരത്തെ കന്നുകാലി, വളർത്തുമൃഗങ്ങളുടെയും ചികിത്സിയ്ക്ക് 950 രൂപയുമാണ് ഫീസ് ഈടാക്കുക.

പറവട്ടാനി ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, വെറ്റിനറി ഓഫീസർ ഡോ. ലത മേനോൻ, ക്ഷീരവകുപ്പ് അധ്യക്ഷൻ കൗശിക്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു