തൃശ്ശൂർ ജില്ലാ ഇലക്ഷൻ ഓഫീസിൻറെ നേതൃത്വത്തിൽ ഇലക്ഷൻ കോ ഓഡിനേറ്റർമാർക്കും വിദ്യാർഥി അംബാസഡർമാർക്കും പരിശീലനം നൽകി. പ്ലാനിംഗ് ഹാളിൽ നടന്ന പരിപാടി ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടികയിൽ പേര് ചേർക്കാത്ത 18 വയസ്സ് തികഞ്ഞവരെ ഇലക്ടറൽ ലിറ്ററസി ക്ലബ് വഴി കണ്ടെത്തി അവർക്ക് ഇലക്ഷൻ ഐഡി കാർഡ് ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.

മൂന്ന് സെക്ഷനുകളിലായി നടന്ന പരിശീലനത്തിൽ ഇലക്ഷൻ വിഭാഗം ജീവനക്കാരായ ഭരത് ദർശൻ, മുഹമ്മദ് സുഹൈൽ വി എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ഇലക്ടറൽ ലിറ്ററസി ക്ലബുകളെ ഊർജ്ജ്വസ്വലമാക്കുക, കൂടുതൽ വിദ്യാലയങ്ങളിലേക്ക് ക്ലബ് എത്തിക്കുക, ക്ലബുകളിലൂടെ വിദ്യാർത്ഥികളിലേക്ക് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയിക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡെപ്യൂട്ടി കലക്ടർ ( ഇലക്ഷൻ) എം സി ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ സൂപ്രണ്ട് മുഹമ്മദ്, ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇലക്ഷൻ കോ ഓഡിനേറ്റർമാരും ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും വിദ്യാർഥി അംബാസഡർമാരായി തെരഞ്ഞെടുത്തവരും ഉൾപ്പെടെ 62 പേർ പരിശീലനത്തിൽ പങ്കെടുത്തു.