പദ്ധതി ആസൂത്രണത്തില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തന്‍ ചുവടുവയ്പ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പദ്ധതി ആസൂത്രണത്തില്‍ ജനങ്ങള്‍ക്കും പങ്കാളികളാകുന്നതിന് പ്രത്യേക ഗൂഗിള്‍ ഫോം തയ്യാറാക്കിയിരിക്കുകയാണ് അധികൃതര്‍.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പാക്കാന്‍ കഴിയുന്ന നൂതനാശയങ്ങളും പദ്ധതികളും ജനങ്ങള്‍ക്ക് ഗൂഗിള്‍ ഫോം വഴി അറിയിക്കാം. അതില്‍ പ്രായോഗികമായ ആശയങ്ങള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് അടുത്ത സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തും. ജനങ്ങളുടെ മനസറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് പുതിയ ശ്രമത്തിന് പിന്നില്‍.

നല്ല പ്രതികരണമാണ് ചുവടുവയ്പിന് ലഭിക്കുന്നത്. നിലവില്‍ ബ്ലോക്ക് തലത്തിലാണ് ഗൂഗിള്‍ ഫോമിന്റെ പ്രചാരണം നടക്കുന്നത്. വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് കൂടി പ്രചാരണം വ്യാപിപ്പിച്ച് കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഗൂഗിള്‍ ഫോമില്‍ തങ്ങളുടെ പേരും തദ്ദേശസ്വയംഭരണ സ്ഥാപനവും വാര്‍ഡും രേഖപ്പെടുത്തി മുന്നോട്ട് വയ്ക്കാനുള്ള ആശയം / പദ്ധതി സമര്‍പിക്കാം. ലിങ്ക് വഴിയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഗൂഗിള്‍ ഫോമില്‍ പ്രവേശിക്കാം. ജനുവരി 20 വരെയാണ് ഇത്തരത്തില്‍ ആശയങ്ങള്‍ സ്വീകരിക്കുക.

ഗൂഗിള്‍ ഫോമിന്റെ ലിങ്ക് : https://docs.google.com/spreadsheets/d/1Zr4T42GQzHLbf34k_QFljm6HMB7Vu3ycge0YeeArZGo/edit?usp=sharing