കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വവും പിന്തുണയും നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പകൽവീടുകൾ സായംപ്രഭ ഹോം ആക്കി മാറ്റൽ, ആശുപത്രികളിൽ ജെറിയാട്രിക് വാർഡുകൾ, സമ്പൂർണ്ണ ഭിന്നശേഷി യു.ഡി.ഐ.ഡി ജില്ല, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് പ്രത്യേക പരിശീലനം, ഭിന്നശേഷിക്കാർക്ക് സമഗ്ര സ്വയം തൊഴിൽ പദ്ധതി, ജില്ലയിലെ മുഴുവൻ പൊതുകെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നിവ നടപ്പാക്കും.
ഓക്സിലറി ഗ്രൂപ്പകൾക്ക് സംരംഭകത്വസഹായം, ഖാദി വ്യവസായത്തിന് പ്രത്യേക പരിഗണന, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
നവകേരളം വികസന കാഴ്ചപ്പാടും നയസമീപനവും സംബന്ധിച്ച് ആസൂത്രണസമിതി വൈസ് ചെയർമാൻ മോഹനൻ മണലിൽ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി അംഗം ഡോ.കെ.പി.അരവിന്ദൻ ആരോഗ്യമേഖലയിലെ പദ്ധതികളുടെ രൂപീകരണം സംബന്ധിച്ച് അവതരണം നടത്തി. പതിനഞ്ച് വർക്കിംഗ് ഗ്രൂപ്പുകളിലായി വർക്കിംഗ് ഗ്രൂപ്പ് ചെയർമാന്മാർ ആസൂത്രണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
ജില്ലയെ കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പദ്ധതി, കാലാവസ്ഥാമുന്നറിയിപ്പ് ദുരന്തനിവാരണ
പ്രവർത്തനങ്ങളുടെ ശാക്തീകരണം, ജില്ലാപഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ,
ഘട്ടംഘട്ടമായി മുഴുവൻ ഘടക സ്ഥാപനങ്ങൾക്കും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കൽ തുടങ്ങിയ നൂതന പദ്ധതികൾക്ക് നടപ്പാക്കുന്നതിന് യോഗത്തിൽ നിർദ്ദേശം ഉയർന്നു.
നാളികേരത്തിന്റെ ഉത്പാദനം – സംഭരണം – വിപണനം- സംസ്കരണം- മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം എന്നിവയ്ക്കായി സമഗ്ര നാളികേര വികസന പദ്ധതി ജില്ലയെ തരിശുരഹിതമാക്കുന്നതിനുള്ള പദ്ധതി മലയോര മേഖലകൾ – ജില്ലാപഞ്ചായത്ത് ഫാമുകൾ – നെൽവയലുകൾ – മറ്റ് കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടുത്തി ഫാം ടൂറിസം പദ്ധതി വിപുലപ്പെടുത്തൽ എന്നിവയാണ് കാർഷിക മേഖലയിൽ നിർദ്ദേശിക്കപ്പെട്ടത്.
കായക്കൊടി, വടകര, പന്തലായനി, മുക്കം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പുതിയ എ.ബി.സി സെന്ററുകൾ, മൃഗാശുപത്രികളിൽ ലാബ് സൗകര്യം ഒരുക്കൽ എന്നിവ മൃഗസംരക്ഷണ വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശിച്ചു. സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് സംവിധാനം, കാൻസർ നിയന്ത്രണത്തിനുള്ള സമഗ്രപരിപാടികൾ, ലഹരിവിരുദ്ധ ബോധവൽക്കരണത്തിനുള്ള പ്രത്യേകപദ്ധതി എന്നിങ്ങനെ വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തങ്ങളായ പദ്ധതി നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല സ്വാഗതവും ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ പദ്ധതിയുടെ ക്രോഡീകരണവും നടത്തി. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുത്തു.