മുള്ളൻകൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ ഗോത്രവിഭാഗക്കാർക്കായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 2016 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. മുള്ളൻ കൊല്ലിയിൽ 691 പേർക്കും വെങ്ങപ്പള്ളിയിൽ 1325 പേർക്കുമാണ് വിവിധ രേഖകൾ നൽകിയത്.വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടക്കുന്നത്.

മുള്ളൻകൊല്ലിയിലെ ക്യാമ്പിൽ 268 ആധാര്‍ കാര്‍ഡുകള്‍, 169 റേഷന്‍ കാര്‍ഡുകള്‍, 415 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 117 ബാങ്ക് അക്കൗണ്ട്, 188 ഡിജിലോക്കര്‍ എന്നിവയടക്കം 1544 സേവനങ്ങളും നല്‍കി.

അറുപത് കവല സെന്റ് ജൂഡ് പാരീഷ് ഹാളിലെ ക്യാമ്പ് പനമരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ ദേവകി പ്രൊജക്റ്റ്‌ അവതരിപ്പിച്ചു.പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ പി.കെ ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ പി.വി ഷൈജു, വാര്‍ഡ് മെമ്പര്‍മാരായ പി.എസ് കലേഷ്, ഷിനു കാച്ചിറയിൽ, പഞ്ചായത്ത് സെക്രട്ടറി വി.എം അബ്ദുള്ള, ജില്ലാ ഐ ടി കോർഡിനേറ്റർ ജെറിൻ സി ബോബൻ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് ഇന്ന് (ചൊവ്വ) സമാപിക്കും.

വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ജയരാജൻ വിഷയാ വതരണം നടത്തി. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ തോമസ്, ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ മോഹൻദാസ്, അക്ഷയ കോ ഓർഡിനേറ്റർ ജിൻസി ജോസഫ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി ഷോബി തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ 546 ആധാര്‍ കാര്‍ഡുകള്‍, 268 റേഷന്‍ കാര്‍ഡുകള്‍, 597 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 160 ബാങ്ക് അക്കൗണ്ടുകൾ, 465 ഡിജിലോക്കര്‍ മറ്റു സേവനങ്ങള്‍ എന്നിവയടക്കം 2621 സേവനങ്ങള്‍ ഒന്നാം ദിവസം നല്‍കി. ക്യാമ്പ് ഇന്ന്(10/01/2023) സമാപിക്കും.