കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആൻജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയിൽ തന്നെയാണ് ചെയ്തത്. ആൻജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആൻജിയോപ്ലാസ്റ്റിയും നടത്തി.

കാസർഗോഡ് ജില്ലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. എട്ട് കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുള്ളത്. സങ്കീർണമായ ഹൃദയ ചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. നിലവിൽ കാത്ത് ലാബ് സിസിയുവിൽ ഏഴ് കിടക്കകളാണുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസർഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.