ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ ഒന്നുമുതൽ 19 വരെ പ്രായമുള്ള 4.27 ലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും വിരയ്‌ക്കെതിരേയുള്ള ഗുളിക നൽകും. അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും കോളജുകളിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾ എന്നിവർക്കുമാണ് ഗുളിക നൽകുന്നത്.
വിരയിളക്കുന്നതിനു നൽകുന്ന ആൽബൻഡസോൾ ഗുളികയാണ് കുട്ടികൾക്കും കൗമാരപ്രായക്കാർക്കും നൽകുന്നത്. ഉച്ചഭക്ഷണശേഷം ചവച്ചരച്ചു വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനിയോ, ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ട അസുഖങ്ങളോ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അഭ്യർഥിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിരഗുളിക കഴിച്ചവരുൾപ്പെടെയുള്ള കുട്ടികളും ഗുളിക കഴിക്കണം.

ജില്ലയിലെ 4,27,382 കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേകെയർ സെന്ററുകൾ 24 കോളജുകൾ എന്നിവിടങ്ങളിൽ അധ്യാപകരുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ ഗുളിക നൽകും. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളെയും സ്വകാര്യനഴ്‌സറികളിൽ പഠിക്കുന്ന കുട്ടികളെയും ഉച്ചസമയം അങ്കണവാടികളിലെത്തിച്ചു മരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ആർ.എസ്, ബാലഭവൻ, പോളിടെക്നിക്, ഐ.ടി.ഐ, പാരലൽ കോളജുകൾ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

മണ്ണിലൂടെ ആഹാരത്തിൽ പ്രവേശിക്കുന്ന വിരകൾ കുട്ടികളുടെ ശരീരത്തിലെ പോഷണമൂല്യം വലിയൊരളവുവരെ ചോർത്തിയെടുക്കുന്നുണ്ട്. തന്മൂലം കുട്ടികളിലുണ്ടാകുന്ന വിളർച്ച, വളർച്ച മുരടിപ്പ്, പ്രസരിപ്പില്ലായ്മ, ഇരുമ്പിന്റെ കുറവ് തുടങ്ങിയവ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഗുളിക നൽകൽ. കുട്ടികളിലെ വിരസാന്ദ്രത കുറയ്ക്കുന്നതിലൂടെ സമൂഹത്തിലും, മണ്ണിലും ധാരാളമായി നിലനിൽക്കുന്ന വിരകളെ നശിപ്പിക്കുന്നതിനാണ് ഒറ്റ ദിവസത്തെ ഗുളിക നൽകൽ കൊണ്ടു ലക്ഷ്യമിടുന്നത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലെ മണ്ണിലും 48 ശതമാനത്തോളം വിരസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരമാണ് ഭാരതസർക്കാരിന്റെ പരിപാടി സംസ്ഥാനത്തും നടപ്പാക്കുന്നത്.

ദേശീയ വിരമുക്തി ദിനവുമായി ബന്ധപ്പെട്ടു കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ, ഡി.എം.ഒ(ഐ.എസ്.എം.) ഡോ. സി. ജയശ്രീ, ഡി.എം.ഒ.(ഹോമിയോ) ഡോ: എ.ടി. സുകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ പി.എൻ. വിദ്യാധരൻ, ആർ.സി.എച്ച് ഓഫീസർ ഡോ: സി.ജെ. സിതാര, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.