തിടനാട് ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നു പോകുന്ന കാളകെട്ടി-പൊട്ടംകുളം നെടിയപാല-ഇരുപ്പൂക്കാവ് റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. നെടിയപാല, ഇരുപ്പൂക്കാവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഏറെ നാളായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റീടാറിങ് പൂർത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്തംഗം ജോയിച്ചൻ കാവുങ്കൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഔസേപ്പച്ചൻ കല്ലങ്ങാട്ട്, മിനി സാവിയോ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെറിൻ പെരുമാംകുന്നേൽ, സ്‌കറിയ പൊട്ടനാനി, പൊതുപ്രവർത്തകരായ ജോസഫ് മൈലാടി, ജോയ് വെട്ടിക്കൽ, ജിബിൻ കാഞ്ഞിരത്തുങ്കൽ, ടോമി ഉഴത്തുവയൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.