കുറ്റ്യാടി ആരോഗ്യ ബ്ലോക്കിലെ നാദാപുരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചാം പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ജില്ലാ ടാസ്ക് ഫോഴ്സ് യോഗം ചേർന്നു. അഞ്ചാം പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികൾക്ക് ഉടൻ കുത്തിവെപ്പ് നൽകണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. ഇതിനായി സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുമെന്ന് കലക്ടർ പറഞ്ഞു.

നാദാപുരത്ത് എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളിലാണ് അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തതോ ആയ കുട്ടികളുടെ വാക്സിനേഷൻ വീഴ്ച വരുത്താതെ ഉടൻ എടുക്കാൻ എല്ലാ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടർ അറിയിച്ചു. യോഗത്തിൽ പ്രതിരോധ നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്തു.

ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ മോഹൻദാസ് .ടി, ഡബ്ലിയു എച്ച് ഒ സർവൈലൻസ് ഓഫീസർ ഡോ സന്തോഷ് രാജഗോപാൽ എന്നിവർ വിഷയം അവതരിപ്പിച്ചു. ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ , മെഡിക്കൽ ഓഫീസർമാർ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, വനിതാ ശിശു വികസന ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ പങ്കെടുത്തു.