കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ റോഡുകളും പൊതു സ്ഥാപനങ്ങളും ജിഐഎസ് മാപ്പിംഗ് നടത്തി. ആസ്തി രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 2022-23 സാമ്പത്തിക വർഷത്തിൽ 8 ലക്ഷം രൂപ വകയിരുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് സർവ്വേ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഡിജിറ്റലൈസ് ചെയ്ത രേഖകൾ സ്റ്റേറ്റ് ഡാറ്റാ സെൻട്രലിൽ സുരക്ഷിതമായിരിക്കും. യു.എൽ.ടി.എസ് ഐ ടി വിഭാഗം പ്രൊജക്റ്റ് മാനേജർ അനന്തു കൃഷ്ണയിൽ നിന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഡാഷ് ബോർഡ് ഏറ്റുവാങ്ങി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സർവേ പ്രകാരം 346 കിലോമീറ്റർ റോഡിൽ 240 കിലോമീറ്റർ ടാർ റോഡും 29 കിലോമീറ്റർ കോൺക്രീറ്റ് റോഡും ഏഴു കിലോമീറ്റർ മെറ്റൽ റോഡും 70 കിലോമീറ്റർ മൺറോഡും ഉൾപ്പെടുന്നു. കൂടാതെ 341 കൾവേട്ടുകൾ, 27 പാലങ്ങൾ, 16 പൊതു കിണറുകൾ , ഏഴ് പൊതു കുളങ്ങൾ, 252 ഡ്രൈനേജുകൾ, ഗ്രാമപഞ്ചായത്തിന് കീഴിലെ 107 പൊതു സ്ഥാപനങ്ങൾ എന്നിവയെല്ലാം ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി ഡേറ്റാ കളക്ഷനും ജിഎസ് മാപ്പിങ്ങും പൂർത്തീകരിച്ചിട്ടുണ്ട്.
വരുന്ന സാമ്പത്തിക വർഷം ഡ്രോൺ സർവ്വേ നടത്തി തോടുകളും പുഴകളും ആസ്തി രജിസ്റ്റർ ഉൾപ്പെടുത്തുവാനും തുടർന്ന് മുഴുവൻ നിർമ്മിതികളും ജിഐഎസ് മാപ്പിംഗ് നടത്തുവാനും ആവശ്യമായ നടപടികൾ ഭരണസമിതിയുടെ ഭാഗത്തുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി, അസിസ്റ്റന്റ് എൻജിനീയർ അർച്ചന, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ, ഷാജു ടി. പി വെട്ടിക്കാമലയിൽ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, വനജ വിജയൻ, ചിന്നമ്മ വായിക്കാട്ട്, വാസുദേവൻ ഞാറ്റുകാലായിൽ, യു.എൽ.സി.സി സർവേ കോർഡിനേറ്റർ നിതിൻ.കെ തുടങ്ങിയവർ സംബന്ധിച്ചു.