തദ്ദേശ സ്ഥാപനത്തിന് കീഴിൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച ഡി അഡിക്ഷൻ ആൻഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാങ്കാവിൽ പ്രവർത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം മേയർ ഡോ.ബീനാ ഫിലിപ്പ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

മാങ്കാവ് അർബൻ ഹെൽത്ത് സെന്റർ കോമ്പൗണ്ടിൽ ആരംഭിച്ച ഡി അഡിക്ഷൻ ആൻഡ് കൗൺസിലിംഗ് സെന്റർ തുടക്കത്തിൽ ആഴ്ചയിൽ തിങ്കൾ,ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പ്രവർത്തിക്കുക. സൈക്യാട്രിക്ക് ഡോക്ടറുടെ സേവനത്തോടൊപ്പം സൈക്യാട്രിക് സോഷ്യൽ വർക്കറുടെ സേവനവും സെന്ററിൽ ലഭിക്കും.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്.ജയശ്രീ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ശശികുമാർ എന്നിവർ പദ്ധതി വിശദീകരിച്ചു. സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി ബിനി കെ യു സ്വാഗതവും കൗൺസിലർ ഈസാ അഹമ്മദ് നന്ദിയും പറഞ്ഞു.