ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ സാധ്യതകള്‍ സംരംഭകരെ പരിചയപ്പെടുത്താന്‍
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തുടക്കമായി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടെക്‌നോളജി ക്ലിനിക് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു.

സംരംഭക സൗഹൃദമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആധുനിക കാലഘട്ടത്തില്‍ നൂതന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ സംരംഭങ്ങള്‍ വിജയകരമാക്കുവാന്‍ ഇത്തരം ശില്‍പശാലകള്‍ സംരംഭകര്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം കെ.പി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രീന്‍ വിന്‍ഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ.എ സ്‌നേഹ വിഷയാവതരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ജി. പ്രണാബ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ആര്‍.രമ, ആര്‍.സംഗീത, എസ്.ഷീബ, ഉപജില്ല വ്യവസായ ഓഫീസര്‍ എന്‍.വി വിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളായി നടക്കുന്ന ശില്‍പശാല വ്യാഴാഴ്ച സമാപിക്കും.