മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എഡിഎം പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.
മകരവിളക്ക് ദര്‍ശനത്തിനുള്ളില്‍ ഓരോ പോയിന്റുകളിലും പരമാവധി തങ്ങാന്‍ കഴിയുന്ന ഭക്തരുടെ ഏകദേശ എണ്ണം പോലീസ് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തും. പാണ്ടിത്താവളത്ത് 26000 പേര്‍ക്കും ശ്രീകോവില്‍ പരിസരത്ത് മൂവായിരം പേരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വൈദ്യസഹായം, കുടിവെള്ളം, സ്ട്രെച്ചറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് ക്രമീകരിക്കുന്നതിനും ഭക്തര്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സന്നിധാനത്തെ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പൂര്‍ണ്ണമായി വിനിയോഗിക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന പാണ്ടിത്താവളത്ത് ആരോഗ്യവകുപ്പ് താത്കാലിക ആശുപത്രിയും അടിയന്തര ചികിത്സാ സംവിധാനവുമൊരുക്കും. 16 സ്ട്രെച്ചറുകള്‍ വിവിധ കേന്ദ്രങ്ങളിലായുണ്ടാകും. അവശ്യ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. പാണ്ടിത്താവളത്തെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് സ്റ്റാഫ് നഴ്സുകളും ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളോട് കൂടിയ ട്രയാജ് സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാല്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പൊതുവായ നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കുന്നതിനു പകരം മെഗാഫോണ്‍ വഴി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും. സന്നിധാനത്ത് പാചകം ചെയ്യുന്നതിനും തീ കത്തിക്കുന്നതിനും കര്‍ശന നിരോധനമേര്പ്പെടുത്തിയിട്ടുണ്
ഭക്തര്‍ വരി നില്‍ക്കുന്ന യു-ടേണുകളില്‍ ബാരിക്കേഡുകളുടെ ഉയരം കൂട്ടുന്നതിന് നടപടി സ്വീകരിക്കും. ബാരിക്കേഡിനുള്ളിലൂടെ ഭക്തര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനാണിത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വനം വകുപ്പിന്റെയും പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ തിരിച്ചിറങ്ങുന്ന പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. പാണ്ടിത്താവളത്തില്‍ നിന്നെത്തുന്നവരെ രണ്ട് വഴികളിലേക്കായി തിരിച്ച് വിട്ട് തിരക്ക് കുറയ്ക്കും. ബാരിക്കേഡുകള്‍ ശക്തമാക്കും. 13 -ാം തീയതിയോടെ വേ ടു പമ്പ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഭക്തര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ ലൈറ്റുകളും സ്പോട്ട് ലൈറ്റുകളും സ്ഥാപിക്കും. മകരവിളക്ക് ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ദര്‍ശന പോയിന്റുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് 42 കുടിവെള്ള ടാപ്പുകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്.
പരാതികളില്ലാത്ത ഒരു തീര്‍ഥാടനകാലം ഒരുക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എഡിഎം പി. വിഷ്ണുരാജ് പറഞ്ഞു. വിവിധ വകുപ്പുകള്‍ മണ്ഡലകാലത്തെ സഹകരണം തുടര്‍ന്നും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. പ്രതാപന്‍ നായര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.