സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചികിത്സ നല്‍കുക മാത്രമല്ല ഭക്തി ഗാനാര്‍ച്ചനയിലൂടെ ഭക്തരുടെ മനം കുളിര്‍പ്പിക്കുക കൂടിയാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനത്തിനായി എത്തിയ ഡോക്ടര്‍മാരായ നാല് പേര്‍. സേവനത്തിനൊപ്പം ഭക്തി ഗാനാര്‍ച്ചനയുമൊരുക്കുക നിയോഗമെന്നുറപ്പിച്ചായിരുന്നു ഇവര്‍ ബുധനാഴ്ച്ച രാവിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഗാനങ്ങള്‍ ആലപിച്ചത്. ഇ എന്‍ ടി വിഭാഗത്തിലെ ഡോ. മണികണ്ഠന്‍, പീഡിയാട്രീഷന്‍ ഡോ.രഞ്ജിത്ത്, സര്‍ജറി വിഭാഗത്തിലെ ഡോ. അരുണ്‍, ഓര്‍ത്തോ വിഭാഗത്തിലെ ഡോ.അനൂപ്
എന്നീ നാലംഗ സംഘമാണ് ഭക്തിഗാനാര്‍ച്ചനക്ക്
നേതൃത്വം നല്‍കിയത്.

അയ്യപ്പ സന്നിധാനത്ത് ഗാനാര്‍ച്ചന നടത്തുന്ന ഡോ. മണികണ്ഠന്റെ പതിവിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മറ്റ് മൂവരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സന്നിധാനത്തെത്തി ഡോ. മണികണ്ഠനൊപ്പം ചേര്‍ന്ന് ഗാനങ്ങളാലപിച്ച് ഭക്തിഗാനാര്‍ച്ചനയിലൂടെ സായൂജ്യമണയുന്നു. സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സേവനം ചോദിച്ച് വാങ്ങിയായിരുന്നു ഇത്തവണയും ഈ ഡോക്ടര്‍മാര്‍ മലകയറി സേവനത്തിനെ ത്തിയത്. കര്‍മ്മനിരതരാകുന്നതിനൊപ്പം ഭക്തിയില്‍ ലയിച്ച മനസുമായെത്തി ആലപിച്ച ഗാനങ്ങള്‍ക്ക് ഒഴുക്കേകി ഡോ.അരുണ്‍ ഓടക്കുഴലിലും സംഗീത ഗാനാര്‍ച്ചനയൊരുക്കി.

നിറഞ്ഞ മനസ്സോടെയും അതിലേറെ സന്തോഷത്തോടെയുമാണ് സന്നിധാനത്തെത്തി ഭക്തര്‍ക്കായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഈ ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. മണികണ്ഠന്‍ ഇടുക്കി സ്വദേശിയും ഡോ. അരുണ്‍ ചങ്ങനാശ്ശേരി സ്വദേശിയും ഡോ.അനൂപ് കോഴിക്കോട് സ്വദേശിയും ഡോ.രഞ്ജിത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കടിഞ്ഞാണിടാനാകാത്ത ആഗ്രഹത്തിന്റെ പിന്‍ബലമാണ് ഈ നാലംഗ സംഘത്തെ ഭക്തിഗാനാര്‍ച്ചനക്കായി വേദിയിലെത്തി ക്കുന്നത്.