*സ്വരാജ് ട്രോഫിക്ക് പുതുക്കിയ മാനദണ്ഡങ്ങൾ
ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ തൃത്താലയിൽ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഫെബ്രുവരി 19ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി സ്വരാജ് ട്രോഫി സമ്മാനിക്കും. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ഘട്ടത്തിൽ, പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരമാണ് സ്വരാജ് ട്രോഫി ജേതാക്കളെ നിർണയിക്കുന്നത്. ഇതിനായി വിശദമായ മാർഗരേഖ പുറത്തിറങ്ങി. ഫെബ്രുവരി ആദ്യവാരം പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ചായിരുന്നു ഇതുവരെ അവാർഡ് നിർണയിച്ചിരുന്നത്. ഈ മാർക്കിനൊപ്പം, പുതിയ ഇടപെടൽ രീതിയും സമീപനവും ഉൾക്കൊള്ളിച്ചാണ് ഇത്തവണ അവാർഡ് നിർണയിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകൾ സമർപ്പിക്കണം. നാല് മിനുട്ടിന് താഴെ ദൈർഘ്യമുള്ള മൂന്ന് വീഡിയോകൾ സമർപ്പിക്കാം. ദാരിദ്ര്യ നിർമാർജനം, ആരോഗ്യം (സാന്ത്വനചികിത്സ, വയോജന-ഭിന്നശേഷി സൗഹൃദപ്രവർത്തനം ഉൾപ്പെടെ), ശുചിത്വവും മാലിന്യ സംസ്‌കരണവും, പ്രാദേശിക സാമ്പത്തിക വികസനം (തൊഴിൽ സൃഷ്ടി, നൈപുണ്യ വികസനം, ഉപജീവന മാർഗങ്ങൾ), ലിംഗനീതി അധിഷ്ഠിത ഭരണവും പ്രവർത്തനങ്ങളും, കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും പരിസ്ഥിതിയും ജൈവവൈവിധ്യവും, കുടിവെള്ളത്തിന്റെ ലഭ്യതയും ഗുണമേന്മയും, പശ്ചാത്തലസൗകര്യ വികസനവും ആസ്തി മാനേജ്‌മെന്റും, കൃഷി അനുബന്ധ മേഖലകൾ, വിദ്യാഭ്യാസം, സംയോജിത പരിപാടികൾ, പട്ടികജാതി-പട്ടികവർഗ വികസന പ്രവർർത്തനങ്ങൾ, സേവനപ്രദാന പ്രവർത്തനത്തിലെ ശ്രദ്ധേയ ഇടപെടലും നവീനസാങ്കേതിക വിദ്യാ സഹായവും, വ്യത്യസ്തമായ നൂതന ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വീഡിയോ തയ്യാറാക്കേണ്ടത്.
ജനുവരി 20നകം മുൻഗണനാ ക്രമത്തിൽ വീഡിയോകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സമർപ്പിക്കണം. 23 മുതൽ 25 വരെ സർക്കാർ നിശ്ചയിക്കുന്ന 5 അംഗ ജൂറിയുടെ നേതൃത്വത്തിൽ വീഡിയോകൾ ജില്ലകളിൽ പരിശോധിക്കും. ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംസ്ഥാനതല വിലയിരുത്തലും നടക്കും. ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ ഭാരവാഹികളോട് ജൂറി സംവദിക്കും. അഞ്ചംഗ ജൂറിയിൽ രണ്ടുപേർ സ്ത്രീകളായിരിക്കും. ജനങ്ങൾക്ക് കൂടി കാണാനാകുന്ന രീതിയിലാകും പ്രവർത്തനങ്ങൾ. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുൻസിപ്പാലിറ്റി വിലയിരുത്തൽ സംസ്ഥാന തലത്തിലാണ് നടക്കുക. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വിലയിരുത്തൽ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും നടക്കും. അടിസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ച് ലഭിക്കുന്ന മാർക്കും ജൂറിയുടെ വിലയിരുത്തലും അനുസരിച്ചാകും അന്തിമ ഫലപ്രഖ്യാപനം.