റൺവേ റീ സർഫേസിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ജനുവരി 15 മുതൽ ആറു മാസത്തേക്ക് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തിൽ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെയാണ് റൺവേ റീ സർഫേസിങ് ജോലികൾ നടക്കുക. ഈ സമയത്ത് റൺവേ പൂർണ്ണമായും അടച്ചിടും. വൈകിട്ട് 6 മുതൽ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങൾക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാൽ യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമന്ന് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് അറിയിച്ചു.