വ്യാപാര സ്ഥാപനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ നാദാപുരത്ത് ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം കക്കംവെള്ളിയിലെ ചെരുപ്പ് കടയിൽ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നാദാപുരത്ത് പഞ്ചായത്ത് ,പോലീസ്, ഫയർ, ആരോഗ്യം, കെഎസ്ഇബി എന്നിവരുടെ സംയുക്ത യോഗം ചേർന്നത്.
മുഴുവൻ വ്യാപാര കെട്ടിടങ്ങളിലും ഫയർ എക്സ്റ്റിംഗ്വിഷർ ഘട്ടംഘട്ടമായി സ്ഥാപിക്കുവാനും, പഴയ കെട്ടിടങ്ങളിൽ വൈദ്യുത സുരക്ഷ സംവിധാനമുണ്ടോയെന്ന് പരിശോധന നടത്തുവാനും തീരുമാനിച്ചു. വ്യാപാരികളുടെ പങ്കാളിത്തത്തോടെ എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ച് പരിശീലനം നൽകുവാനും വലിയ ഷോപ്പിംഗ് സമുച്ചയങ്ങളിൽ ഫയർ ആൻഡ് റെസ്ക്യൂ ടീം പരിശോധന നടത്തുവാനും പാഴ് വസ്തുക്കൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശേഖരിക്കുവാനും വ്യാപാരികളെ കൊണ്ട് ഇൻഷ്വറൻസ് എടുപ്പിക്കുന്നതിന് ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.
കെട്ടിട ഉടമകളുടെ വിപുലമായമായ യോഗം ജനുവരി 19 നും നാദാപുരത്തെ വ്യാപാരികളുടെ യോഗം
ജനുവരി 18 നും കല്ലാച്ചിയിലെ വ്യാപാരികളുടെ യോഗം ജനുവരി 21നും വിളിച്ച് ചേർക്കും.”സുരക്ഷാ സാക്ഷരത “എന്ന പേരിൽ ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. നാദാപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ വി ഫായിസ് അലി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഫയർ സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖ്, കെഎസ്ഇബി എൻജിനീയർ കെ.വി ശ്രീലാൽ എന്നിവർ വിവിധ വകുപ്പുകളിലെ സുരക്ഷാ മാർഗങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,മെമ്പർ അബ്ബാസ് കണയ്ക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.