ആദിവാസി മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനും അവരുടെ കൃഷിരീതികളും ജീവിത രീതികളും നേരിട്ടറിയുന്നതിനും കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ കർഷക സംഗമം ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥരും കർഷകരും വിവിധ സംഘങ്ങളായി തിരിഞ്ഞ് പിണവൂർകുടിയിലെ മൂന്ന് ഊരുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. ആനന്ദൻ കുടി, പിണവൂർ കുടി, വെളിയത്തു പറമ്പ് എന്നീ ഊരുകളിലായി 75 ൽ പരം വീടുകളാണ് സംഘം സന്ദർശിച്ചത്.
ഊരു നിവാസികൾ നേരിടുന്ന പ്രശ്നങ്ങളേയും അവരുടെ ആവശ്യങ്ങളെയും സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഇവർ ശേഖരിച്ചു. തുടർന്ന് സഘംചേർന്ന് ചർച്ച നടത്തുകയും ചെയ്തു. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

ഉദ്ഘാടന ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി. റോയി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ് പദ്ധതി വിശദികരണം നടത്തി. യോഗത്തിൽ മുതിർന്ന കർഷകനായ പരമേശ്വരനെ ആത്മ പ്രൊജക്ട്ഡയറക്ടർ ഷീലാ പോൾ പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, വാർഡ് മെമ്പർ ബിനീഷ് നാരായണൻ, ക്യഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അനിതാ ജെയിംസ്, ജോസഫ് ജോഷി വർഗ്ഗീസ്, തോമസ് സാമുവൽ, ഇന്ദു .പി. നായർ, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി സിന്ധു, ഓടക്കാലി കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രത്തിലെ സയൻ്റിസ്റ്റ് ആയിഷമോൾ, പട്ടികവർഗ്ഗ സംസ്ഥാന ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു, ഊര് മൂപ്പത്തി ശോഭന മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഊരുനിവാസികളുടെ വിവിധ കലാപരിപാടികളും കർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റൻ്റുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.