വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പുറ്റുമാനൂർ വാർഡിലെ നാലു സെന്റ് കോളനിയിലെ 20 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പി.വി ശ്രീനിജിൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഭൂജലവകുപ്പിന്റെ 2022 – 23 സാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽ നിന്ന് 6,42,000 രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നിർമിച്ച കുഴൽ കിണറിൽ നിന്നാണ് പദ്ധതിക്ക് വേണ്ട ജലം ലഭ്യമാക്കുന്നത്. ഇതിനായി വകുപ്പ് മോട്ടോർ പമ്പും, പമ്പ് ഹൗസ്, ഓവർഹെഡ് പ്ലാറ്റ്ഫോം, ജലസംഭരണി തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി രണ്ട് വീടുകൾക്ക് ഒന്ന് എന്ന നിലയിൽ കോളനിയിലെ ഒൻപത് ഇടങ്ങളിലായി സ്ഥാപിച്ച പെപ്പുകൾ വഴിയാണ് ആവശ്യമായ വെള്ളം എത്തിക്കുന്നത്.

വളരെ ഉയർന്ന പ്രദേശമായിരുന്നതിനാൽ ജല അതോറിറ്റി വഴി കോളനിയിൽ കുടിവെള്ള വിതരണം നടത്തുന്നതിന് പ്രയാസം നേരിട്ടിരുന്നു. ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ടി വരുന്നത് പതിവായതോടെയാണ് പദ്ധതിയിലേക്ക് അധികൃതർ എത്തിയത്.

പദ്ധതി പ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സോണിയ മുരുകേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ടി.ആർ വിശ്വപ്പൻ, ജൂബിൾ ജോർജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.കെ അശോക് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോർജ്, സി.ജി നിഷാദ്, വിഷ്ണു വിജയൻ, ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസർ കെ.യു അബൂബക്കർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.എ വേണു, കുഞ്ഞുകുഞ്ഞ് ചെറിയാൻ, റെജി മാത്യു തുടങ്ങിയവർ സംസാരിച്ചു.