കുടുംബശ്രീ ജില്ലാ മിഷന്റെ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബണ്‍സ ക്യാമ്പയിനിലൂടെ വെള്ളമുണ്ടയില്‍ 38 ഗോത്ര സംരംഭങ്ങള്‍ തുടങ്ങി. തയ്യല്‍, പലഹാര നിര്‍മ്മാണം, കൂണ്‍ വിത്ത് നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ബാര്‍ബര്‍ ഷോപ്പ്, പെട്ടിക്കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലയിലാണ് സംരംഭങ്ങള്‍ തുടങ്ങിയത്. പ്രവര്‍ത്ത നോദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപാണി മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജനപ്രതിനിധി കളായ പി.കല്ല്യാണി, ഇ.കെ.സല്‍മത്ത്, കെ അമ്മദ്, അബ്ദുള്ള കണിയാം കണ്ടി, എം.അസീസ്, പി.തോമസ്, പി.നിസാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.വാസുപ്രദീപ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി.എന്‍ സജ്‌ന, ജില്ലാ പ്രോഗ്രാം മാനേജര്‍ വി.ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനുളള പദ്ധതിയാണ് ബണ്‍സ ക്യാമ്പയിന്‍. മൃഗസംരക്ഷണ, സൂക്ഷ്മ സംരംഭ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുകയാണ ക്യാമ്പയിനില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഊരുകളിലും, അയല്‍ക്കൂട്ട യോഗങ്ങളിലും സംരംഭക ക്ലാസുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്. അന്‍പത് ഗോത്ര സംരംഭങ്ങള്‍ സി.ഡി.എസില്‍ മാത്രം രൂപീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ആര്‍.കെ.ഐ.ഡി, എസ്.വി.ഇ.പി എന്നിവയുടെ ആഭിമുഖ്യ ത്തിലാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്.