*ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു

1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ഈ നിയമസഭ സെഷനില്‍ തന്നെ കൊണ്ടുവരാനും ഇടുക്കിയിലെ കുടിയേറ്റ മേഖലയിലെ ഇതുവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുമുള്ള ചരിത്രപരമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീരസഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ രാജമുടി ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
62 വര്‍ഷമായി നിലനിന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയുടെ വികസനത്തിന് ആക്കം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഓരോന്നോരോന്നായി പരിഹരിക്കപ്പെടാന്‍ പോവുകയാണ്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ നിയമസഭയില്‍ ബില്ല് വരുന്ന സമയത്ത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് സുപ്രീംകോടതി ചോദിച്ചത്. ദേശീയ ഉദ്യാനങ്ങളോട് ചേര്‍ന്ന ഒരു കിലോമീറ്ററിനുള്ളില്‍ ഖനനം നടക്കുന്നുണ്ടോ, വന്യജീവികള്‍ക്ക് നാശനഷ്ടമുണ്ടാവുന്നുണ്ടോ, ജൈവസമ്പത്തിന് തകര്‍ച്ചയുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഈ മൂന്ന് വിഷയങ്ങളും കേരളത്തെ ബാധിക്കുന്നതല്ല. ഇവിടെ ഒരിടത്തും ഒരു കിലോമീറ്ററിനുള്ളില്‍ ഖനനം നടക്കുന്നില്ല. വന്യജീവികളെ വനത്തില്‍കയറി നശിപ്പിക്കുന്നില്ല, വന്യജീവികള്‍ പുറത്തോട്ട് ഇറങ്ങുന്ന വിഷയമേ ഇവിടുള്ളൂ. ജൈവസമ്പത്തിനും നാശം സംഭവിക്കുന്നില്ല. ദേശീയ ശരാശരിയേക്കാള്‍ വനമുള്ള സംസ്ഥാനമാണ് കേരളം. സുപ്രീംകോടതിയുടെ ഈ ഉദ്ദേശലക്ഷ്യങ്ങള്‍ വെച്ചുനോക്കൂമ്പോള്‍ പോലും ബഫര്‍സോണ്‍ വിഷയം കേരളത്തിന് ബാധകമല്ലെങ്കിലും സംസ്ഥാനത്തെ ഒരാളുടെയും ജീവിതത്തിന് തടസ്സം ഉണ്ടാവരുത് എന്ന ഉത്തമബോധ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം കൂടി തീരുമാനമെടുത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചുപോരുന്നത്. കൂടുതല്‍ വേഗത്തിലും കൂടുതല്‍ നല്ല നിലയിലും നാടിന്റെ വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്-മന്ത്രി പറഞ്ഞു.

സംസ്ഥാന ശരാശരി എടുക്കുമ്പോള്‍ ക്ഷീരമേഖലയില്‍ ജില്ല വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പാലുല്‍പാദനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ജില്ല. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ഈ സംഗമത്തില്‍ ഉയര്‍ന്ന ആശങ്കകള്‍ വകുപ്പ് മന്ത്രിയുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ വില വര്‍ദ്ധന കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണണമെന്നും അധ്യക്ഷത വഹിച്ച എം എം മണി എം എല്‍ എ ആവശ്യപ്പെട്ടു. ക്ഷീരവികസന രംഗത്ത് സജീവമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത് വാഴൂര്‍ സോമന്‍ എം എല്‍ എ പറഞ്ഞു. പാലുല്‍പാദനത്തോടൊപ്പം തന്നെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കാനും നമുക്ക് കഴിയണമെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.

ക്ഷീരമേഖലക്ക് 2022-23 സാമ്പത്തിക വര്‍ഷം 3.1 കോടി വകയിരുത്തിയ ജില്ലാ പഞ്ചായത്തിനെയും ഉത്പാദക മേഖലയില്‍ ക്ഷീരമേഖലക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ചിലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇളംദേശത്തെയും ഗ്രാമപഞ്ചായത്തുകളില്‍ കഞ്ഞിക്കുഴി പഞ്ചായത്തിനെയും ജില്ലയിലെ മികച്ച കര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും 25 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ഷീരസംഘം പ്രസിഡന്റുമാരെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് ‘പശുപരിപാലനം-പ്രായോഗിക സമീപനം’ എന്ന വിഷയത്തില്‍ സെമിനാറും നടന്നു.  കൊല്ലം ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ബിന്ദുമോന്‍ പി പി വിഷയാവതരണം നടത്തി. ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു പദ്ധതി വിശദീകരിച്ചു.

വിളംബര ജാഥ, തത്സമയ പ്രശ്‌നോത്തരി, മൃഗസംരക്ഷണ ക്യാമ്പ്, ഡയറി എക്‌സ്പോ, ക്ഷീരസംഘം ജീവനക്കാര്‍ക്കുളള ശില്‍പശാല, കലാകായിക മത്സരങ്ങള്‍, ഗാനമേള തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് രണ്ട് ദിവസം നീണ്ടു നിന്ന ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ ഇരുന്നൂറോളം സംഘങ്ങളില്‍ നിന്ന് 1500 ഓളം കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാജി ചന്ദ്രന്‍, മാത്യു കെ ജോണ്‍, സോമന്‍ ചെല്ലപ്പന്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, സോണി ഈറ്റക്കല്‍, ക്ഷീര വികസന വകുപ്പ് ഡെ. ഡയറക്ടര്‍ ഡോ. ഡോളസ് പി ഇ, എറണാകുളം മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍, സുധീഷ് എം പി, സ്വാഗതസംഘം ചെയര്‍മാന്‍ എം.ടി. തോമസ്, സാമൂഹ്യ സാംസ്‌കാരിക സഹകരണ നേതാക്കള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കമ്മറ്റി ചെയര്‍മാന്‍മാരായ സാജു മാത്യു, സണ്ണി തെങ്ങുംപള്ളി, സോണി ചൊള്ളാമഠം, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.