ഫുട്‌ബോൾ സ്വപ്‌നങ്ങൾ തളിരിടാൻ,’കാൽത്തളിർ’
മണയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ യുവാക്കൾക്ക് ഫുട്ബോൾ പരിശീലനവുമായി പീച്ചി വന്യജീവി വിഭാഗം. കാൽത്തളിർ എന്ന പേരിട്ടിരിക്കുന്ന പരിശീലന പരിപാടി വഴി
രണ്ട് ആദിവാസി കോളനികളിൽ നിന്നുമായി മുപ്പത്തിഅഞ്ചോളം പേർക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്.
ആദിവാസി യുവാക്കളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, മദ്യം- മയക്കുമരുന്ന് ലഹരികളിൽ അടിമപ്പെടാതെ നോക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പീച്ചി ഫോറസ്റ്റ് ഡെവലപ്മെൻ്റ് ഏജൻസിയാണ് പരിശീലന പരിപാടി വിഭാവനം ചെയ്തു നടപ്പിൽവരുത്തുന്നത്.
കളിക്കാർക്ക് ഫുട്ബോൾ കിറ്റ് സൗജന്യമായി നൽകി. തുടർ വിദഗ്ധ പരിശീലനത്തിൻ്റെ ചിലവ് പീച്ചി എഫ്ഡിഎ വഹിക്കും.
കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പീച്ചി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം റിനോ ആന്റോ വിശിഷ്ടാതിഥിയായി. പരിശീലന വേളയിൽ പ്രതിഭ തെളിയിക്കുന്ന യുവാക്കൾക്ക് തൻ്റെ നേതൃത്വത്തിൽ ആരംഭിച്ച F13 അക്കാദമി വഴി സൗജന്യ പരിശീലനം ഉറപ്പാക്കുമെന്ന് പരിപാടിയുടെ സി കെ വിനീത് ഉറപ്പ് നൽകി.
കണ്ണംബ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ തുടരുന്ന പരിശീലനത്തിൽ റെനോ ആൻ്റോ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും തുടർ മേൽനോട്ടം ഉറപ്പ് നൽകുകയും ചെയ്തു.കളിക്കാരിൽ നിന്നും ഒരു മികച്ച ഫുട്ബോൾ ടീമിനെ വാർത്തെടുത്ത് തുടർച്ചയായി ജില്ലാ – സംസ്ഥാന തല ക്ലബ് മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ചടങ്ങിൽ കണ്ണമ്പ്ര പഞ്ചായത്ത് 10-ാം വാർഡ് മെമ്പർ പി സോമസുന്ദരം ടീമംഗങ്ങൾക്ക് സ്പോഴ്സ് കിറ്റ് വിതരണം ചെയ്തു. ഒളകര ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി.സുനിൽകുമാർ ,മണിയൻ കിണർ ഊര് മൂപ്പൻ എം.എ. കുട്ടപ്പൻ , മണിയൻ കിണർ ഇ ഡി.സി ചെയർമാൻ അനിൽ, ഒളകര ഇഡിസി ചെയർമാൻ ബിനു എം.ആർ, കോച്ച് പ്രതാപൻ , മണിയൻ കിണർ ഇ.ഡി.സി സെക്രട്ടറി സി.എ. താജുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. ഒളകര ഇ.ഡി.സി.സെക്രട്ടറി എം എം . അജീഷ് സ്വാഗതവും പീച്ചി – വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്കറിയ നന്ദിയും പറഞ്ഞു