എറണാകുളം മെഡിക്കൽ കോളേജിന്റെയും റോട്ടറി ക്ലബ് കൊച്ചി സിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി.

പാലിയേറ്റീവ് രോഗികൾക് ആശ്വാസമേകികൊണ്ട് 2014 ആരംഭിച്ച പാലിയേറ്റീവ് കെയർ നാളിതുവരെ 1678 രോഗികൾക് സ്വാന്തനമേകി.എറണാകുളം മെഡിക്കൽ കോളേജിന്റെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും മികച്ച പാലിയേറ്റീവ് ചികിത്സയാണ് ഇടത്തല , കീഴ്മാട് പഞ്ചായത്തുകളിലും കളമശ്ശേരി, എലൂർ, തൃക്കാക്കര മുനിസിപ്പാലിറ്റിയിലുമായി നടത്തി വരുന്നത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയറിനു പുറമെയാണ് മെഡിക്കൽ കോളേജ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ റോട്ടറി ക്ലബ് കൊച്ചി സിറ്റിയും ചേർന്ന് നടത്തുന്ന ഈ പാലിയേറ്റീവ് സംവിധാനം.

ആഴ്ചയിൽ ഒരു ദിവസം പാലിയേറ്റീവ് രോഗികൾക്കുള്ള പ്രത്യേക ഒ.പി മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടർ, നേഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സംഘം പാലിയേറ്റീവ് രോഗികളെ വീട്ടിൽ സന്ദർശനം നടത്തുകയും രോഗികൾക് വേണ്ട ചികിത്സയും അവശ്യ സാധനങ്ങളുടെ വിതരണവും നടത്തി വരികയും ചെയ്യുന്നു.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പാലിയേറ്റീവ് ദിനത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ നിർവഹിച്ചു. തുടർന്ന് പാലിയേറ്റീവ് രോഗികൾക്കുള്ള എയർ ബെഡ് വിതരണം നടത്തി.മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ , ഡോ.എ.ശോഭ, ഡോ. അനിൽകുമാർ, ഡോ. ജേക്കബ് ജേക്കബ് , ഡോ.ജോസഫ് ഫ്രാൻസിസ്, ഡോ. അരുൺ എൻ. ഭട്ട്, പ്രിൻസിപ്പൽ ഇൻ ചാർജ് നഴ്സിംഗ് കോളേജ് എറണാകുളം പ്രൊഫസർ എ.വി ഹേമ, റോട്ടറി ക്ലബ് കൊച്ചി സിറ്റി ഭാരവാഹികളായ സനോജ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടത്തി.