പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതല്‍ 19 വരെയാണ് വാരാഘോഷം പരിപാടികള്‍ നടക്കുന്നത്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന ക്യാമ്പ്, ക്വിസ് മത്സരം, സെമിനാറുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പാലക്കാട് നെഹ്‌റു  യുവകേന്ദ്ര ദേശീയ യുവജന ദിനത്തിന്റെയും യുവജന വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം പാലക്കാട് നെഹ്‌റു യുവകേന്ദ്ര ഹാളില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നെഹ്‌റു യുവകേന്ദ്രയുടെ പങ്ക് പ്രശംസനീയമാണെന്നും യുവജനങ്ങളുടെ സമഗ്രമായ പുരോഗതിക്കും വികസനത്തിനും വേണ്ടി അടുക്കും ചിട്ടയോടും കൂടി പാലക്കാട് നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു. തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി. എ.ഡി.എം കെ. മണികണ്ഠന്‍ ഹര്‍ ഘര്‍ തിരംഗ അവാര്‍ഡ് വിതരണം ചെയ്തു. ശ്രീകൃഷ്ണപുരം രാഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മണ്ണാര്‍ക്കാട് ന്യൂ ഫിനിക്സ് ക്ലബ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി,  നെഹ്റു കേന്ദ്ര അക്കൗണ്ടന്റ് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ് എന്‍. കര്‍പ്പകം എന്നിവര്‍ പങ്കെടുത്തു.

ഔട്ട്സ്റ്റാന്‍ഡിങ് യൂത്ത് ക്ലബ്ബ് അവാര്‍ഡ് വികാസ് ക്ലബ്ബിന്

ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കലാകായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ‘ജില്ലാതല ഔട്ട് സ്റ്റാന്‍ഡിങ് യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ്’ വി.കെ ശ്രീകണ്ഠന്‍ എം.പി ഒറ്റപ്പാലം ബ്ലോക്കിലെ വികാസ് ക്ലബ്ബിന് കൈമാറി. 25,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്. പരിപാടിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യുവജന സംഘടനകള്‍ക്ക് 60 സ്പോര്‍ട്സ് മെറ്റീരിയലുകള്‍ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം 45 ക്ലബ്ബുകള്‍ക്കാണ് സ്പോര്‍ട്സ് മെറ്റീരിയലുകള്‍ വിതരണം ചെയ്തത്.