വൈത്തിരി ഗ്രാമപഞ്ചായത്തിലെ ജനകീയ ഫെന്‍സിംഗിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ചുണ്ടേല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.

ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗ ങ്ങളുടെ ശല്യം തടയുന്നതിന്റെ ഭാഗമായി ചുണ്ടേല്‍ മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ചുണ്ട, ആനപ്പാറ റോഡ് മുതല്‍ തളിമല വരെയുള്ള 5 കിലോമീറ്ററിലാണ് ജനകീയ സഹകരണത്തോടെ ഫെന്‍സിംഗ് നിര്‍മ്മിച്ചത്. രണ്ടാം ഘട്ടത്തില്‍ ലക്കിടി വരെയുടെ ഭാഗങ്ങളില്‍ നിര്‍മ്മാണം നടത്തും. പഞ്ചായത്തില്‍ ഏറ്റവുമധികം കാട്ടാന ശല്യമുണ്ടാകുന്ന ചുണ്ടവയല്‍, തളിമല, ചേലോട്, ചുണ്ട ടൗണ്‍, വട്ടവയല്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ആനശല്യം തീര്‍ത്തും പരിഹരിക്കാന്‍ ഒന്നാംഘട്ടത്തിലൂടെ സാധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകളുടെയും കൂട്ടായ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയാണ് ജനകീയ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.ഒ ദേവസ്സി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എല്‍.സി ജോര്‍ജ്ജ്, വി.ഉഷാകുമാരി, കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, ഡി.എഫ്.ഒ എ.ഷജ്‌ന കരീം, തുടങ്ങിയവര്‍ സംസാരിച്ചു.