എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രളയ ബാധിത ജില്ലകളിൽ ശുചീകരണത്തിനു പോകുന്നവരും മടങ്ങിയെത്തിയവരും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണമെന്ന് ഇതു സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ജില്ലയിലെ കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യാൻ വിവിധ ഏജൻസികൾക്കു കളക്ടർ നിർദേശം നൽകി.
ശുചീകരണ ജോലികളിൽ ഏർപ്പെടുന്നവർ ഡോക്സിസൈക്ലിൻ 200 മില്ലി ഗ്രാം ഒരുമിച്ച് ആഴ്ചയിലൊരിക്കൽ കഴിക്കണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഈ ഗുളിക കഴിക്കണം.
പനി, ശരീര വേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറവും നിറവ്യത്യാസവും തുടങ്ങിയ ലക്ഷണങ്ങളെന്തെങ്കിലുമുണ്ടായാൽ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ സർക്കാർ നൽകിയ ചികിത്സാ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ നിർദേശം നൽകി. പകർച്ചവ്യാധികളുമായി ഇത്തരം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും മറ്റു വിവരങ്ങളും ദിവസവും ജില്ലാ മെഡിക്കൽ ഓഫിസിൽ അറിയിക്കണം.
തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കിടയിൽ എലിപ്പനി ബോധവത്കരണത്തിന് അതത് വകുപ്പുകളെ ചുമതലപ്പെടുത്തി. സ്കൂളുകളിൽ വിദ്യാർഥികൾക്ക് എലിപ്പനി ബോധവത്കരണം നടത്താനും എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനു ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം. വി.ആർ. വിനോദ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. നീന റാണി (ഇൻ ചാർജ്), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആർ.എ. ഹിൽക് രാജ്, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.