സംസ്ഥാനത്ത് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മുഴുവന്‍ റോഡുകളുടെയും പണികള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പള്ളിക്കലില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ടെന്‍ഡര്‍ ചെയ്യുന്നതുമൂലം നിര്‍മാണം ആരംഭിക്കാനുള്ള കാലതാമസം ഒഴിവാകും. അറ്റകുറ്റപണികളും ഇതേരീതിയില്‍ ടെന്‍ഡര്‍ ചെയ്യും. പ്രളയത്തില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശമുണ്ടായതിലൂടെ 10000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായതാണ് പ്രാഥമിക വിലയിരുത്തല്‍. ഇടുക്കി ഭാഗത്തെ റോഡുകളുടെ നാശനഷ്ടം കൂടി കണക്കാക്കാനുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും റോഡുകള്‍ പുനര്‍നിര്‍മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം മൂലം തകര്‍ന്ന മുഴുവന്‍ റോഡുകളും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഒരേസമയം ടാറിങ് നടത്തും. പൂര്‍ണമായും നല്ല രീതിയില്‍ അറ്റകുറ്റപണി നടത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
 
21 കോടി രൂപ മുടക്കി കായംകുളം-പത്തനാപുരം റോഡ് ദേശീയ നിലവാരത്തില്‍ ഉടന്‍ ടാറിങ് നടത്തും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ജര്‍മന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആനയടി-പഴകുളം-കൂടല്‍ പാതയുടെ വെള്ളച്ചിറ സമീപത്തു നിന്നാണ് നിര്‍മാണം ആരംഭിച്ചത്. ഈ ഭാഗത്താണ് മന്ത്രി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിര്‍മാണം നടത്തുന്ന ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള വിശ്വാസമുദ്ര കമ്പനി അധികൃതരോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 10-12 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. ഈ റോഡിന്റെ പൈലറ്റ് അടിസ്ഥാനത്തിലുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാക്കി വരുന്ന 30 കി.മീ. കൂടി ഇതേരീതിയില്‍ നിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. റസീന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുരുകേശ്, എസ്. മനോജ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.