മലയാളനാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഓരോ ദേശത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ഇടുക്കി പാര്‍ക്ക് പ്രദേശത്ത് സന്ദര്‍ശനം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്ന സ്ഥലം തിയേറ്ററിന് അനുയോജ്യമെന്ന് കണ്ടെത്തി നിര്‍ദ്ദേശിച്ചത്. ഇതിന്റെ സാധ്യത നേരിട്ട് മനസ്സിലാക്കാനാണ് ചെയര്‍മാനും പ്രൊജക്റ്റ് മാനേജരും ഇടുക്കിയിലെത്തിയത്. ചെറുതോണി – ഇടുക്കി മെയിന്‍ റോഡില്‍ ഒരു കിലോമീറ്റര്‍ മാറി ആലിന്‍ ചുവട് ജംഗ്ഷന്‍ മുതല്‍ ഇടുക്കി ചപ്പാത്ത് വരെ റോഡ് അരികില്‍ ചേര്‍ന്നുള്ള ഇടുക്കി ടൂറിസം വകുപ്പിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നത്. ഇവിടെ ഒരു സാംസ്‌കാരിക തീയേറ്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ ടൂറിസം, സിനിമ മേഖലകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കും. കൂടാതെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറാന്‍ ഇടുക്കിയ്ക്ക് കഴിയുമെന്നും ചെയര്‍മാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, മെമ്പര്‍ രാജു ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യന്‍, പ്രൊജക്റ്റ് മാനേജര്‍ കെ.ജെ ജോസ് തുടങ്ങിയവര്‍ ചെയര്‍മാനൊപ്പമുണ്ടായിരുന്നു.