ജില്ലയിലെ വിധവകള്‍ക്ക് തൊഴില്‍-വരുമാനദായക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക, പുനരധിവസിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘അപരാജിത’ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ഗനിര്‍ദേശ സെമിനാറുകള്‍ക്ക് തുടക്കമായി. വിധവകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും തൊഴില്‍ നേടുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനും സംരംഭം ആരംഭിക്കുന്നതിനും സഹായിക്കുന്നതാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷന്‍, കേരളാ ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്), അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം, ജില്ലാ വ്യവസായ വികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ സര്‍വേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള 45 വയസില്‍ താഴെ പ്രായമുള്ള വിധവകളെയാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. പദ്ധതി സംബന്ധിച്ച് ഗുണഭോക്താക്കളെ ബോധാവത്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാര്‍ഗനിര്‍ദേശ സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.
കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലത്തൂര്‍ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ജില്ലാ മാനേജര്‍ അനീഷ് വിജയ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്തു മനസ്, കെ- ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ. ലിജിത എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
ഫെബ്രുവരി ഒന്ന് വരെ വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍ നടക്കും. ഇന്ന് (ജനുവരി 19) പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ജനുവരി 20 ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ജനുവരി 23 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 24 ന് അഗളി ഗ്രാമപഞ്ചായത്ത് ഹാള്‍, 25 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 27 ന് പാലക്കാട് പിരായിരി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 28 ന് ചിറ്റൂര്‍ നല്ലേപിള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 30 ന് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 31 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഫെബ്രുവരി ഒന്നിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പരിധിയിലെ പ്രസ്തുത യോഗ്യതയുള്ള വിധവകള്‍ക്ക് പങ്കെടുക്കാം.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ. സുലോചന, വി.വി കുട്ടികൃഷ്ണന്‍, എസ്. അലീമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ എന്‍. നിഷ, ഗിരിജ സുന്ദര്‍, സുബല തുടങ്ങിയവര്‍ സംസാരിച്ചു.