1450 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

തരിയോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 1450 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. 789 ആധാര്‍ കാര്‍ഡുകള്‍, 406 റേഷന്‍ കാര്‍ഡുകള്‍, 711 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 268 ബാങ്ക് അക്കൗണ്ടുകൾ, 104 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 364 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 4228 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

പട്ടിക വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ നൽകുന്ന എ.ബി.സി.ഡി ക്യാമ്പ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ചു. 23 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമാണ് എ.ബി.സി.ഡി ക്യാമ്പുകൾ നടന്നത്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, തരിയോട് ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്.

എ.ബി.സി.ഡി ക്യാമ്പിന്റെ സമാപന സമ്മേളനം അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷനായി. സർട്ടിഫിക്കറ്റ് വിതരോണാദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവഹിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി ക്യാമ്പ് അവലോകനം നടത്തി. ചടങ്ങിൽ ലൂർദ് മാതാ ചർച്ച് ട്രസ്റ്റി ജോൺ മാത്യുവിന് ജില്ലാ കളക്ടർ എ. ഗീത സ്നേഹാപഹാരം നൽകി. ക്യാമ്പിലെ ഗുണഭോക്താക്കൾക്ക് റേഷൻകാർഡ്, പാസ്ബുക്ക് വിതരണം നടന്നു. എ.ഡി.എം എൻ.ഐ ഷാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാരായ ജോമോൻ ജോർജ്, പ്രദീപൻ തെക്കേകാട്ടിൽ, തരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷീജ ആന്റണി, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പോൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, പുഷ്പ മനോജ്, വത്സല നളിനാക്ഷൻ, സിബിൾ എഡ്വേർഡ്, കെ.എൻ ഗോപിനാഥൻ, ഡി.പി.എം. ജെറിൻ സി ബോബൻ, അക്ഷയ കോർഡിനേറ്റർ ജിൻസി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക തുടങ്ങിയവർ സംസാരിച്ചു.