ആലപ്പുഴ : വെള്ളപ്പൊക്കത്തിന്റെ ദുരിതം മനുഷ്യനെപ്പോലെതന്നെ ഏറെ അനുഭവിച്ചതാണ് മൃഗങ്ങളും. വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്ന മൃഗങ്ങൾക്ക് അത്താണിയും സാന്ത്വനവുമായി മാറുകയാണ് പൊലീസ് വെറ്റിനറി സർജൻ ഡോ. എൽ ജെ ലോറൻസും സംഘവും. ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ നായകൾക്കും മറ്റു മൃഗങ്ങൾക്കും വേണ്ടി പരിചരണം നൽകുയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.
സേവന മനോഭാവത്തോടെയാണ് ലോറൻസും മൃഗങ്ങളുടെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നായ്ക്കൾക്കുവേണ്ട വാക്‌സിനേഷൻ, എലിപ്പനി പ്രതിരോധ കുത്തി വെയ്പ്പ് അടക്കമുള്ള കാര്യങ്ങൾക്കാണ് സംഘം മുൻഗണന നൽകുന്നത്. ചെങ്ങന്നുരിലെ തെരുവോരങ്ങളിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെയും പരിശോധിക്കുവാൻ സംഘം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.